മലപ്പുറം: ലോക്‌ഡൗണിൽ ബസ് ഓടിത്തുടങ്ങിയോ എന്ന് ആശ്ചര്യപ്പെട്ട് നിൽക്കുന്നവരെ ഞെട്ടിച്ച് ബസിൽ നിന്നും ഇറങ്ങിയത് പെരുമ്പടപ്പ് പൊലീസ്. പൊലീസ് ജീപ്പ് കണ്ടാൽ ഓടി രക്ഷപ്പെടാമല്ലോയെന്ന് കരുതിയവരാണ് പൊലീസ് ഒരുക്കിയ കുരുക്കിൽ ചാടിയത്. പുത്തൻപള്ളി എന്ന ബോർഡും തൂക്കി വന്ന സ്വകാര്യ ബസിലാണ് ലോക്ക്ഡൗൺ ലംഘിച്ചെത്തിയവരെ പിടികൂടാൻ പൊലീസ് ഇറങ്ങിയത്.
ലോക്ക്ഡൗൺ ലംഘനം; സ്വകാര്യ ബസിൽ പരിശോധനക്കെത്തി പൊലീസ്
പൊലീസ് ജീപ്പ് കാണുമ്പോൾ രക്ഷപ്പെടാമെന്ന് കരുതിയവരാണ് സ്വകാര്യബസിൽ വന്ന പൊലീസിന്‍റെ പിടിയിലായത്.
മലപ്പുറം ജില്ലയിൽ ലോക്ക്ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടുന്നതിന് എത്ര പരിശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് പൊലീസ് പുതിയ പുതിയ പരീക്ഷണവുമായി രംഗത്ത് എത്തിയത്. കടലോര മേഖലയായ പുതിയിരുത്തി, പാലപ്പെട്ടി, എന്നിവിടങ്ങളിലും എരമംഗലം, പുത്തൻപള്ളി, മാറഞ്ചേരി, മൂക്കുതല, എന്നീ സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം ആളുകളെയാണ് പൊലീസ് പിടികൂടിയത്. അഞ്ച് പേർക്കെതിരെ കേസും 67 പേർക്ക് പിഴയും 83 പേർക്ക് ആദ്യവട്ട താക്കീതും നൽകി. 21 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. എസ്.എച്ച്.ഒ. കേഴ്‌സൺ വി. മാർക്കോസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
also read: കൊവിഡ് നിയമ ലംഘനം; 94 പേരെ അറസ്റ്റ് ചെയ്‌തു