കേരളം

kerala

By

Published : Jun 8, 2021, 11:18 PM IST

ETV Bharat / state

ആയുർവേദാചാര്യൻ പി.കെ. വാര്യർ നൂറിന്‍റെ നിറവിൽ

ആയുർവേദ ചികിത്സ രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച പി.കെ. വാര്യർക്ക് 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

pk warrier  pk warrier birthday  pk warrier turns 100  kottakkal arya vaidya shala  പി.കെ. വാര്യർ നൂറിന്‍റെ നിറവിൽ  പി.കെ. വാര്യർക്ക് പിറന്നാൾ  പി.കെ. വാര്യർക്ക് നൂറ് വയസ്
ആയുർവേദാചാര്യൻ പി.കെ. വാര്യർ

മലപ്പുറം: ആയുർവേദാചാര്യൻ ഡോ. പി.കെ. വാര്യർ ഇന്ന് നൂറ് വയസിന്‍റെ ധന്യതയിൽ. ഇടവത്തിലെ കാർത്തിക നക്ഷത്രത്തിൽ ജനിച്ച പി.കെ.വാര്യരുടെ പിറന്നാൾ ഇക്കുറി കൊവിഡ് സാഹചര്യത്തിൽ പ്രത്യേക ആഘോഷങ്ങളില്ലാതെയാണു കടന്നുപോകുന്നത്. ‘ശതപൂർണിമ’ എന്ന പേരിൽ നടത്തുന്ന ഓൺലൈൻ പരിപാടി മാത്രമാണ് ഇത്തവണ നടത്തുന്നത്. ഇതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നു.

ആയുർവേദത്തെ ജനകീയമാക്കുന്നതിലും അതിന്‍റെ ശാസ്ത്രീയ അടിത്തറ ശക്തമാക്കുന്നതിലും ഈ വൈദ്യകുലപതിക്കുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്. കേരളത്തിലെ ആയുർവേദ മേഖലയുടെ ഉയിർത്തെഴുന്നേൽപ് സാധ്യമാക്കിയതിനു പിന്നിലും അദ്ദേഹത്തിന്‍റെ അശ്രാന്ത പരിശ്രമമുണ്ട്. മരുന്നുകളുടെ ഗുണനിലവാരവും മറ്റും ഉറപ്പാക്കുന്നതിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. ഉണ്ടാക്കുന്ന മരുന്നുകൾ എങ്ങനെയെങ്കിലും വിറ്റ് കാശാക്കുക എന്ന അപകടകരമായ ചിന്താഗതിക്ക് അദ്ദേഹം എന്നും എതിരായിരുന്നു.

Also Read:കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ്

ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂൺ ഇടവത്തിലെ കാർത്തിക നക്ഷത്രത്തിലായിരുന്നു പന്നിയമ്പള്ളി കൃഷ്‌ണൻകുട്ടി വാരിയർ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടയ്ക്കൽ ഗവ. രാജാസ് സ്‌കൂളിലാണ് അദ്ദേഹം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്‌നം പി.എസ്. വാര്യർ ആയുർവേദ കോളജിലും പൂർത്തിയാക്കി. 1942ൽ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത പി.കെ. വാര്യർ പിന്നീട് തിരിച്ചെത്തി വൈദ്യ പഠനം പൂർത്തിയാക്കി.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി 1944ൽ ചുമതലയേറ്റത് പി.കെ. വാര്യരുടെ മൂത്ത ജ്യേഷ്ഠനായ പി. മാധവ വാര്യരായിരുന്നു. 1953ൽ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചതിനു ശേഷം ഡോ.പി.കെ. വാര്യർ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പികെ. വാര്യരുടെ ദീർഘവീക്ഷണത്തിന്‍റെ ഉദാഹരണങ്ങളാണ്.

Also Read:'ഗ്രൂപ്പല്ല പാർട്ടി മുഖ്യം' ; കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുമെന്ന് കെ സുധാകരൻ

1953 മുതൽ നാളിതുവരെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സാരഥ്യം പി.കെ. വാര്യർക്കാണ്. ഇന്ത്യയിൽത്തന്നെ ഇത്രയുംകാലം ഒരു സ്ഥാപനത്തിന്‍റെ മേധാവിയായിരുന്നയാൾ അപൂർവമായിരിക്കും. ആയുർവേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിന് സമർപ്പിക്കുകയുണ്ടായി.

ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സർക്കാരിന്‍റെ അഷ്‌ടാരംഗരത്നം പുരസ്‌കാരം, ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്‌കാരം, സി. അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്‌ടറേറ്റ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ ഡോ. കെ.ബാലചന്ദ്രൻ വാര്യർ, പരേതനായ കെ. വിജയൻ വാര്യർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ രാജലക്ഷ്‌മി, രതി വിജയൻ വാര്യർ, കെ.വി. രാമചന്ദ്രൻ വാര്യർ.

Also Read:തലപ്പത്ത് ഇനി 'ടു എസ്' ; ഒറ്റപ്പെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

ABOUT THE AUTHOR

...view details