മലപ്പുറം: സ്‌ഫോടക വസ്‌തു നിറച്ച പൈനാപ്പിൾ കെണിയില്‍ കുടുങ്ങിയ ഗർഭിണിയായ കാട്ടാനയ്‌ക്ക് ദാരുണാന്ത്യം. സൈലന്‍റ് വാലി ദേശീയോദ്യാനത്തിലാണ് കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ കെണിയില്‍ ഗർഭിണിയായ ആന അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ മോഹൻ കൃഷ്‌ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കണ്ണില്ലാത്ത ക്രൂരത പുറംലോകമറിഞ്ഞത്.
പൈനാപ്പിളില്‍ സ്ഫോടക വസ്‌തു നിറച്ച കെണി; ഗർഭിണിയായ കാട്ടാനയ്‌ക്ക് ദാരുണാന്ത്യം
മേയ് 27നാണ് സ്‌ഫോടക വസ്‌തു നിറച്ച പൈനാപ്പിൾ ഭക്ഷിച്ചതിനെ തുടർന്ന് ആന ചെരിഞ്ഞത്.
സൈലന്‍റ് വാലിയുടെ അതിർത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറില്‍ മേയ് 27നാണ് ആന ചെരിഞ്ഞത്. ഭക്ഷണം തേടി പുറത്തിറങ്ങിയ കാട്ടാന കാട്ടുപന്നിയെ പിടികൂടാൻ ചിലർ ഒരുക്കിയ കെണിയില്‍ അകപ്പെടുകയായിരുന്നു. പടക്കം നിറച്ച പൈനാപ്പിൾ ഭക്ഷിച്ച കാട്ടാനയുടെ മുഖം സ്‌ഫോടനത്തില്‍ തകർന്നിരുന്നു. പൊട്ടിത്തെറിയില്‍ വായയും നാക്കും പൂർണമായും തകർന്നു. പിന്നീട് ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ വേദന കടിച്ചമർത്തിയാണ് ഗർഭിണിയായ കാട്ടാന മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി.
ആനയ്‌ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് മോഹൻ കൃഷ്‌ണന്‍റെ ഹൃദയസ്‌പർശിയായ കുറിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നിരവധിപേരാണ് രംഗത്തെത്തിയിട്ടുളളത്. മനുഷ്യന്‍റെ ഈ കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തിയില്‍ പൊലിഞ്ഞത് ഒരു ജീവനല്ല, അവളുടെയും അവൾ കാത്തിരുന്ന കുരുന്നിന്‍റെയുമാണ്.