മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മരുന്നുകള്‍ ലഭിക്കാതെ രോഗികള്‍ പ്രതിസന്ധിയിലായി. ജില്ലയില്‍ വ്യക്കമാറ്റി വെച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ 1500 ഓളം രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും മന്ത്രി കെ.ടി. ജലീലും പ്രശ്‌നത്തില്‍ ഇടപെട്ട് അടിയന്തര നടപടിയെടുക്കണമെന്ന് കിഡ്‌നി ട്രാന്‍സ് പ്ലാന്‍റ് ഫാമിലി ചാരിറ്റിബിള്‍ സൊസൈറ്റി ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ലോക് ഡൗണ്‍; മരുന്ന് ലഭിക്കാതെ രോഗികള്‍ ദുരിതത്തില്‍ - കൊവിഡ്
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മരുന്നുകള്‍ ലഭിക്കാതെ 1500 ഓളം വ്യക്കമാറ്റി വെച്ച രോഗികള്‍ ദുരിതത്തില്‍.
ഡോക്ടർമാർ കുറിച്ച മരുന്നുകൾ മെഡിക്കൽ സ്‌റ്റോറുകളിൽ ലഭിക്കുന്നില്ല. കമ്പനി മാറി മരുന്ന് കഴിച്ചാൽ മാറ്റിവെയ്ക്കപ്പെട്ട വൃക്കയെ ശരീരം പുറത്തള്ളുമെന്ന അവസ്ഥ രോഗികൾക്ക് ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് സംഘടന ജില്ലാ കമ്മറ്റി അംഗം സക്കീർ ഹുസൈൻ പൂളപ്പാടം പറഞ്ഞു. സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ ഇടപെട്ട് മൂന്ന് മാസത്തെ മരുന്ന് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ലോക് ഡൗൺ വന്നതോടെ കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും മരുന്ന് വാങ്ങിയിരുന്നവർക്ക് മരുന്ന് വാങ്ങാൻ ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. 2018 വരെ ജില്ലാ പഞ്ചായത്ത് വൃക്ക മാറ്റിവെച്ചവർക്ക് മരുന്ന് വാങ്ങാൻ സഹായം നൽകിയിരുന്നു. പിന്നീട് സർക്കാറിന്‍റെ കാരുണ്യ പദ്ധതിയായിരുന്നു ഏക ആശ്രയം. ഇത് ഇല്ലാതായതോടെ പ്രതിസന്ധി രൂക്ഷമായെന്നും സംഘടനയുടെ ജില്ലാ സെക്രട്ടറി മുസ്തഫ വണ്ടൂർ പറഞ്ഞു.