മലപ്പുറം: നിലമ്പൂര്‍ നഗരസഭാ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി. ക്ഷേമ പെന്‍ഷന്‍ മുടക്കുന്ന ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ധര്‍ണ. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെ അടിക്കടി പ്രയാസത്തിലാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
ക്ഷേമ പെന്‍ഷന്‍ മുടക്കുന്ന ഉത്തരവുകള്‍ പിന്‍വലിക്കണം; നഗരസഭാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി
ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെ അടിക്കടി പ്രയാസത്തിലാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ.
ഒരാഴ്ചയില്‍ നാല് സര്‍ക്കുലറാണ് ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയത്. നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ അനര്‍ഹരെ കണ്ടെത്തുവാന്‍ മുഴുവന്‍ പേരെയും പ്രായവ്യത്യാസമില്ലാതെ കണ്ണും വിരലും പരിശോധിക്കുവാന്‍ മസ്റ്ററിങ് നടത്തി. അതിനുശേഷം വിധവകള്‍ പുനര്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം നല്‍കുവാന്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെ ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ വീണ്ടും റവന്യൂ അധികാരികളുടെ സാക്ഷ്യപത്രം നല്‍കണമെന്ന് അറിയിപ്പുണ്ടായി. ഭര്‍ത്താവ് മരണപ്പെട്ടവര്‍ മരിച്ചത് ഭര്‍ത്താവ് തന്നെയാണെന്ന് തെളിയിക്കുകയും വേണം. നേരത്തെ 1000 സ്‌ക്വയര്‍ ഫീറ്റ് വീടും നാലു ചക്ര വാഹനവും ഉള്ളവര്‍ക്ക് പെന്‍ഷന്‍ തടഞ്ഞിരുന്നു. ഇപ്പോള്‍ 2000 സ്‌ക്വയര്‍ ഫീറ്റുള്ള ബന്ധുവിന്‍റെ വീട്ടില്‍ താമസിച്ചാല്‍ പെന്‍ഷന്‍ തടയും.
നിര്‍ധനരും നിരാലംബരുമായ പാവപ്പെട്ടവരുടെ ക്ഷേമപെന്‍ഷന്‍ തടയുന്ന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും മാസംതോറും പെന്‍ഷന്‍ നല്‍കാന്‍ നടപടി വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ധര്‍ണ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.വി ഹംസ അധ്യക്ഷത വഹിച്ചു. സമരക്കാരെ പി.വി അബ്ദുല്‍ വഹാബ് എംപി സ്ഥലത്തെത്തി അഭിനന്ദിച്ചു.