കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട മലപ്പുറം :സൗദി അറേബ്യയില്‍ നിന്ന് കടത്തിയ ഒരു കിലോ സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസാണ് സ്വര്‍ണം പിടിച്ചെടുത്തത് (Gold Seized in karippur). ജിദ്ദയില്‍ നിന്ന് ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങിയ കരുവാരക്കുണ്ട് സ്വദേശി ഫിറോസ് (47)എന്നയാളില്‍ നിന്നാണ് പൊലീസ് സ്വർണം പിടികൂടിയത്.
ജ്യൂസര്‍ മെഷീനിന്‍റെ മോട്ടോറിനകത്ത് ആര്‍മേച്ചറില്‍ രഹസ്യ അറയുണ്ടാക്കി സ്വര്‍ണം ഉരുക്കി ഒഴിച്ച് ഇരുമ്പിന്‍റെ ഷീറ്റ് കൊണ്ട് അടച്ച് വെല്‍ഡ് ചെയ്ത് ഭദ്രമാക്കിയ രൂപത്തിലാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. വെല്‍ഡ് ചെയ്ത ഭാഗങ്ങള്‍ വളരെ ഭംഗിയായി ഗ്രൈന്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. പ്രൊഫഷണല്‍ മികവോടെയാണ് വെല്‍ഡിംഗ് ജോലികള്‍ ചെയ്തിരുന്നത്.
ഒറ്റ നോട്ടത്തില്‍ ആര്‍മേച്ചര്‍ റീപ്ലേസ് ചെയ്തതായി മനസ്സിലാവാത്ത രീതിയില്‍ വളരെ മികവോടെയാണ് പ്രവൃത്തികള്‍ ചെയ്‌തിരുന്നത്. 999 ഗ്രാം തൂക്കമുണ്ട് പിടിച്ചെടുത്ത സ്വര്‍ണത്തിന്. ഇതിന് വിപണി വില അനുസരിച്ച് 63,87,000 രൂപവരും (One kg Gold seized).
ഫിറോസിന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് പരിശോധന എളുപ്പത്തില്‍ അതിജീവിച്ച് വിമാനത്താവളത്തിന് പുറത്ത് എത്താനായെങ്കിലും മലപ്പുറം ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വല വിരിച്ച് കാത്തുനിന്ന ഉദ്യോഗസ്ഥരെ മറികടക്കാനായില്ല. പാര്‍ക്കിംഗ് ഏരിയയില്‍വച്ച് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇയാളെ കാത്ത് വിമാനത്താവളത്തിന് പുറത്ത് രണ്ടുപേര്‍ നില്‍പ്പുണ്ടെന്ന് മനസ്സിലാക്കി അവരേയും തന്ത്രപൂര്‍വം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read: കരിപ്പൂരില്‍ സ്വര്‍ണ വേട്ട ; ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 1706 ഗ്രാം, ഒരാള്‍ അറസ്റ്റില്‍
കരുവാങ്കല്ല് സ്വദേശി ഷംസുദ്ദീന്‍ (49)വാണിയമ്പലം സ്വദേശി നൗഫല്‍ ബാബു (37)എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേര്‍
മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. വണ്ടൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് കള്ളക്കടത്തിന് പിന്നിലെന്ന് അറിവായിട്ടുണ്ട്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റം പ്രിവന്‍റീവ് വിഭാഗത്തിനും നല്‍കും. ഈ വര്‍ഷം പൊലീസ് കണ്ടെത്തുന്ന ആദ്യ സ്വര്‍ണക്കടത്ത് കേസാണിത്. 2022 ല്‍ 90 കേസുകളും 2023 ല്‍ 40 കേസുകളും പൊലീസ് കണ്ടെത്തിയിരുന്നു.