മലപ്പുറം : നിരോധിത ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്‌ഡ് നടത്തി. ജില്ലയിലെ തിരൂർ, താനൂർ, മേഖലകളിലുള്ള മുൻ പ്രവർത്തകരുടെ വീടുകളിലാണ് റെയ്‌ഡ് നടന്നത്. ഇന്ന് പുലർച്ചെ ഒരേ സമയത്തായാണ് വീടുകളിൽ എൻഐഎ സംഘങ്ങള്‍ പരിശോധനയ്ക്ക് എത്തിയത്.
ഇതിന് മുൻപ് മഞ്ചേരിയിലെ പിഎഫ്ഐ ആസ്ഥാനമായ ഗ്രീൻ വാലിയിൽ ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തി സീൽ ചെയ്‌തിരുന്നു. 2022 സെപ്‌റ്റംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുകയും സംഘടനയുടെ പല മുൻനിര പ്രവർത്തകരെയും ജയിലലടയ്ക്കുകയും ചെയ്‌തത്. രാജ്യത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റുന്നതിനായി പ്രവർത്തിക്കുന്നതായാണ് സംഘടനയ്‌ക്കെതിരായ ആരോപണം.
കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡുകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഏപ്രിൽ 25 ന് രാജ്യത്തുടനീളം ഒന്നിലധികം പിഎഫ്‌ഐ കേഡറുകളുടെ വീടുകളില്‍ എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു. അതേസമയം, ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിലും റെയ്‌ഡ് ആരംഭിച്ചതായാണ് വിവരം. ബിഹാറിലെ 12 സ്ഥലങ്ങൾ, ഉത്തർ പ്രദേശിലെ രണ്ടിടങ്ങൾ, പഞ്ചാബിലെ ലുധിയാനയിലെയും ഗോവയിലെയും ഓരോ സ്ഥലങ്ങളിലും റെയ്‌ഡുകളുള്ളതായും റിപ്പോർട്ടുകളുണ്ട്.
ബിഹാറിൽ പിഎഫ്‌ഐ ബന്ധം ആരോപിച്ച് ഉറുദു ബസാർ സ്വദേശി ദന്തഡോക്‌ടർ സരിക് റാസയുടെയും ശങ്കർപൂർ നിവാസിയായ മെഹബൂബിന്‍റെയും വീടുകളിലാണ് റെയ്‌ഡ് നടന്നത്. പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസിൽ സജ്ജാദ് അൻസാരിയുടെ വസതിയിലും റെയ്‌ഡ് നടത്തിയിരുന്നു. അൻസാരിയുടെ ആധാർ കാർഡും പാൻ കാർഡും ഉൾപ്പടെ പല രേഖകളും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.