മലപ്പുറം: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഭീതിയിലായതിനാല്‍ സംസ്ഥാനത്തും അതീവ ജാഗ്രതയോടാണ് ഇസ്‌ലാമിക വിശ്വാസികള്‍ വിശുദ്ധമാസത്തെ വരവേല്‍ക്കുന്നത്. എല്ലാ വര്‍ഷവും റമദാനില്‍ മസ്ജിദുകളില്‍ നടത്തുന്ന പ്രത്യേക നമസ്കാരവും ഇഫ്ത്വാര്‍വിരുന്നു ഇക്കുറിയുണ്ടാവില്ല. കേരളത്തിലെ മതപണ്ഡിതന്മാര്‍ മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതുസംബന്ധിച്ച് ധാരണായായി.
അറബി മാസങ്ങളില്‍ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണിതെന്നാണ് ഇസ്‌ലാമിക വിശ്വാസം. പുണ്യങ്ങളുടെ പൂക്കാലമാണ് വിശ്വാസികള്‍ക്ക് റമദാന്‍. സാധാരണ നാളുകളേക്കാള്‍ നന്മകള്‍ക്ക് എഴുപതിരട്ടി പ്രതിഫലം ലഭിക്കുന്ന മാസമാണിതെന്നാണ് ഇസ്‌ലാമിക വിശ്വാസം.
സാധാരണഗതിയില്‍ റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് മസ്ജിദുകളും പരിസരവും കഴുകി വൃത്തിയാക്കി വിശ്വാസികള്‍ പള്ളികളില്‍ ഒരുമിച്ച് കൂടും. റമദാനില്‍ രാത്രിയുള്ള പ്രത്യേക ദീര്‍ഘ നമസ്കാരം (തറാവീഹ്) ഈ മാസത്തിന്‍റെ പ്രത്യേകതയാണ്. നോമ്പ്തുറയും (ഇഫ്ത്വാര്‍) അതിനോട് അനുബന്ധിച്ചുള്ള ഭക്ഷണ വിതരണവും എല്ലാ വിശ്വാസികളും പള്ളികളില്‍ ഒരുമിച്ചു കൂടിയാണ് നിര്‍വഹിക്കുന്നത്. ഓരോ വിശ്വാസിയുടെയും എക്കാലത്തേയും ആത്മീയ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നതാണ് ഇഫ്ത്വാറും തറാവീഹ് നമസ്കാരവും. സാധാരണ ഗതിയില്‍ കേരളത്തിലെ പള്ളികളില്‍ സ്ത്രീകള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ട്. എന്നാല്‍ റമദാനിലെ രാത്രി നമസ്കാരത്തിന് എല്ലാ പള്ളികളും സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കാറുണ്ട്. അതുക്കൊണ്ട് തന്നെ നോമ്പ് തുറന്ന് കഴിഞ്ഞാല്‍ വിശ്വാസികള്‍ കുടുംബസമേതമാണ് പള്ളികളിലേക്ക് പ്രാര്‍ഥനക്ക് എത്താറ്.
സാധാരണയുള്ള നമസ്കാരം കഴിഞ്ഞ് രാത്രി എട്ടരയോടെ ആരംഭിക്കുന്ന പ്രത്യേക പ്രാര്‍ഥന രാത്രി പത്തര വരെ നീണ്ടു നില്‍ക്കും. ചിലിയിടങ്ങളില്‍ അത് കഴിഞ്ഞ് മതപ്രഭാഷണവും ഉണ്ടാവും. ഇതൊക്കെ കഴിഞ്ഞാണ് വിശ്വാസികള്‍ കുടുംബത്തോടെ സ്വഭവനങ്ങളിലേക്ക് മടങ്ങുക. എന്നാല്‍ കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ഇതെല്ലാം വിശ്വാസികള്‍ക്ക് ഓര്‍മ മാത്രമാണ്.
കൊവിഡ് ഭീതിക്കിടയിലും ആത്മീയ സംതൃപ്തി തേടി മുസ്‌ലിങ്ങള്‍ ഇസ്‌ലാമിക വിശ്വാസപ്രകാരം വിശ്വാസികള്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട കര്‍മമാണ് വ്രതം. പ്രഭാതം ആരംഭിക്കുന്നത് മുതല്‍ സൂര്യാസ്തമയം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ച്, എല്ലാ തിന്മകളില്‍ നിന്നും വിട്ടു നില്‍ക്കലാണ് റമദാന്‍ വ്രതത്തിന്‍റെ കാതല്‍. ഒരാള്‍ അന്നപാനിയങ്ങള്‍ ഉപേക്ഷിച്ചിട്ടും അയാള്‍ തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നില്ലെങ്കില്‍ അയാളുടെ വ്രതം കൊണ്ട് പട്ടിണിയല്ലാതെ മറ്റൊരു പ്രയോജനവും ഇല്ലെന്ന് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട്.
പുണ്യങ്ങള്‍ക്ക് എഴുപതിരട്ടി പ്രതിഫലം കിട്ടുന്ന സമയമായതിനാല്‍ ഇസ്‌ലാമിലെ നിര്‍ബന്ധിത ബാധ്യതയായ സക്കാത്ത് അഥവ സമ്പത്തില്‍ നിന്നുള്ള നിര്‍ബന്ധിത വിഹിതം വിശ്വാസികള്‍ നല്‍കുന്നതും റമദാന്‍ മാസത്തിലാണ്. ഒരാള്‍ ഒരു വര്‍ഷം ആര്‍ജിക്കുന്ന സമ്പത്തിന്‍റെ ആകെ കണക്ക് നോക്കി നിശ്ചിത വിഹിതം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതാണ് സക്കാത്ത് എന്നറിയപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദിന്‍റെ കാലത്ത് ഇസ്‌ലാമിക ഭരണകൂടം നിര്‍ബന്ധമായും പിരിച്ചെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്ന ഈ സമ്പ്രാദയം കേരളത്തില്‍ വിവിധ പള്ളി ജമാഅത്തുകളുടെ നേതൃത്വത്തിലാണ് നടക്കാറുള്ളത്.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സക്കാത്തില്‍ നിന്നുള്ള ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസ പ്രകാരം ഒരു മുസ്‌ലിമിന്‍റെ നിര്‍ബന്ധ ബാധ്യത കൂടിയാണത്. നാട്ടിലെ ദുരന്തത്തിന് സഹായം നല്‍കുമ്പോള്‍ മാത്രമാണ് ഒരാളുടെ വ്രതം പൂര്‍ണമാവുക. എട്ടു വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് സക്കാത്ത് നല്‍കേണ്ടതെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ആദ്യവിഭാഗം സമൂഹത്തിലെ ദരിദ്രരരാണ്.
മുപ്പത് ദിവസമാണ് റമദാന്‍. റമദാന്‍ അവസാനിച്ചാല്‍ ഓരോ വിശ്വാസിയും പ്രത്യേകയളവിലുള്ള ധാന്യം ദരിദ്രര്‍ക്ക് നല്‍കണം. ഫിത്വര്‍ സക്കാത്ത് എന്നാണ് അതറിയപ്പെടുന്നത്. ഫിത്വര്‍ സക്കാത്ത് റമദാനിലെ നിര്‍ബന്ധ ഘടകമാണ്. ഫിത്വര്‍ നല്‍കുമ്പോള്‍ മാത്രമെ ഒരാളുടെ വ്രതം പൂര്‍ണമാവൂ.
റമദാന്‍ വ്രതം പൂര്‍ത്തിയാവുന്നതോടെ പത്താമത്തെ മാസമായ ശവ്വാലാവും. അന്ന് വിശ്വാസികള്‍ സാധാരണയായി പുതുവസ്ത്രങ്ങളണിഞ്ഞ് ഈദ് ഗാഹുകളിലേക്ക് എത്തും. പക്ഷേ ഇക്കുറി ഈദ് ഗാഹും നടക്കാന്‍ സാധ്യതയില്ല. കൊവിഡ് ഭീതിയില്‍ വിശ്വാസി സമൂഹം ഈദ് ഗാഹുകളില്‍ ഒരുമിച്ച് കൂടില്ല.