മലപ്പുറം: മുസ്ലീം ലീഗ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനം നാളത്തേക്ക് മാറ്റിയതെന്നാണ് വിശദീകരണം. നിയമസഭ സ്ഥാനാർഥികള്‍ക്കൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയെയും നാളെ പ്രഖ്യാപിക്കും. എം.കെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയേക്കും. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ തന്നെ മത്സരിക്കും. കെ.പിഎ മജീദ്, പിവി അബ്ദുള്‍ വഹാബ് എന്നിവരിൽ ആരെങ്കിലുമായിരിക്കും രാജ്യസഭയിലേക്ക് മല്‍സരിക്കുന്നത്.
മലപ്പുറത്ത് മുസ്ലീം ലീഗ് സ്ഥാനാർഥികളുടെ പ്രഖ്യാപനം നാളെ
ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാൽ സ്ഥാനാർഥി പ്രഖ്യാപനം നാളത്തേക്ക് മാറ്റി. നിയമസഭ സ്ഥാനാർഥികളെയും ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയെയും നാളെ പ്രഖ്യാപിക്കും.
ലോക്സഭയിലേക്ക് അബ്ദുസമദ് സമദാനിയാകും സ്ഥാനാര്‍ത്ഥിയാവുക. എം.കെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയാല്‍ കോഴിക്കോട് സൗത്തില്‍ നജീബ് കാന്തപുരമായിരിക്കും മത്സരിക്കുന്നത്. പി.കെ ഫിറോസിനെ പെരിന്തല്‍മണ്ണയിലോ താനൂരിലോ മല്‍സരിപ്പിക്കും. കെ.എം ഷാജിയെ അഴീക്കോടിനൊപ്പം കളമശ്ശേരിയിലേക്കും പരിഗണിക്കുന്നുണ്ട്. കെ.പി.എ മജീദ് രാജ്യസഭയിലേക്കാണെങ്കില്‍ പി.വി അബ്ദുള്‍ വഹാബ് മഞ്ചേരിയില്‍ മത്സരിക്കും. മറിച്ചാകാനും സാധ്യതയുണ്ട്. കാസർകോട് എന്‍.എ നെല്ലിക്കുന്നടക്കം ഒന്നിലേറെ പേര്‍ പരിഗണനയിലുണ്ട്. എന്‍ ഷംസുദ്ദീന്‍ തിരൂരിലേക്ക് മാറിയാല്‍ മണ്ണാര്‍ക്കാട്ട് എം.എ സമദിനെ പരിഗണിക്കും. മഞ്ഞളാംകുഴി അലിയെ മങ്കടയിലേക്ക് മാറ്റാനും ആലോചനയുണ്ട്.
മഞ്ചേശ്വരത്ത് എകെഎം അഷറഫിനാണ് മുഖ്യ പരിഗണന. മലപ്പുറത്തേക്ക് യു.എ ലത്തീഫിനെ പരിഗണിക്കുന്നുണ്ട്. തിരുമ്പാടിയിലേക്ക് സി.കെ കാസിമും സി.പി ചെറിയമുഹമ്മദുമാണ് പരിഗണനയില്‍. കൂടാതെ, നാല് യൂത്ത് ലീഗ് നേതാക്കള്‍ പട്ടികയിലുണ്ട്. എറനാട്, കൊണ്ടോട്ടി, കോട്ടക്കല്‍, വള്ളിക്കുന്ന് കുറ്റ്യാടി എംഎല്‍എമാര്‍ തുടരും. പാലാരിവട്ടം അഴിമതിയില്‍ അന്വേഷണം നേരിടുന്ന സിറ്റിങ് എംഎല്‍എ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയില്‍ ഇത്തവണ മത്സരിപ്പിക്കുന്നതിനോട് യുഡിഎഫ് മുന്നണിയില്‍ വലിയ താല്‍പ്പര്യം ഇല്ല. ഇബ്രാഹിം കുഞ്ഞിനെ മാറ്റുകയാണെങ്കില്‍ പകരം പരിഗണിക്കുന്നവരില്‍ പ്രധാനി കെ.എം ഷാജിയാണ്. കളമശ്ശേരിയില്‍ ഇറങ്ങാന്‍ ഷാജിയും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കളമശ്ശേരിയില്‍ കെ.എം ഷാജിയെ സ്ഥാനാർഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിക്കഴിഞ്ഞു.