റെക്കോഡ് കാഴ്‌ചക്കാരുമായി റിസ്‌വാന്‍റെ തകർപ്പൻ ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോൾ വീഡിയോ മലപ്പുറം: മെസിയും റൊണാൾഡോയുമൊക്കെ കാല്‍പന്തുകൊണ്ട് സൃഷ്‌ടിക്കുന്ന അത്‌ഭുതങ്ങൾ ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും കണ്ടറിഞ്ഞ മലയാളിക്ക് മലപ്പുറം ജില്ലയിലെ അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്‌വാൻ ഇന്നൊരു അത്‌ഭുതമാണ്... കാരണം ഈ ഇരുപത്തിയൊന്നുകാരന്‍റെ ഒരു ഫ്രീസ്റ്റൈല്‍ ഫുട്‌ബോൾ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റുചെയ്‌തപ്പോൾ അത് കണ്ട കാഴ്‌ചക്കാരുടെ എണ്ണം ലോക റെക്കോഡായി.
muhammed riswan (@riswan_freestyle) എന്ന ഇൻസ്റ്റഗ്രാം ഐഡിയിലാണ് റിസ്‌വാൻ വീഡിയോ പോസ്റ്റ് ചെയ്‌തത്.
ഗൂഗിൾ പറയുന്നത് പ്രകാരം ലൈഫ് സ്റ്റൈൽ വീഡിയോ ഉൾപ്പെടെ ചെയ്യുന്ന ഇറ്റലിക്കാരൻ കാബിയാണ് ഇക്കാര്യത്തില്‍ രണ്ടാമൻ. കാബിയുടെ ഒരു വീഡിയോ 280 മില്യൺ കാഴ്ചക്കാരിലേക്കാണ് എത്തിയിരിക്കുന്നത്. പക്ഷേ റിസ്‌വാൻ 10 ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബാൾ തട്ടുന്ന 30 സെക്കൻഡ് റീലിന് ലഭിച്ചത് 356 മില്യൺ വ്യൂവേഴ്‌സിനെയാണ്. അതായത് പന്ത്രണ്ട് ദിവസം കൊണ്ട് മൂന്നരക്കോടിക്ക് മുകളിൽ ആളുകളാണ് റിസ്‌വാനെ കണ്ടു കഴിഞ്ഞത്.
സമൂഹമാധ്യമങ്ങളിലൂടെ വിദേശരാജ്യങ്ങളിലെ ഫുട്‌ബോൾ താരങ്ങളുടെ വീഡിയോ കണ്ടാണ് റിസ്‌വാൻ ഫ്രീസ്റ്റൈൽ ഫുട്‌ബോളിലേക്ക് എത്തിയത്. പിന്നീട് നടത്തിയത് കഠിന പരിശ്രമം. ഇന്ന് ആരെയും വിസ്മയിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ അതിമനോഹരമായ രീതിയിലാണ് റിസ്‌വാൻ കാല്‍പന്തില്‍ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ 30 സെക്കൻഡ് വീഡിയോ ആയി പങ്കുവെച്ച് തുടങ്ങി.
ചാലിയാറിന് കുറുകെ പെരുങ്കടവ് പാലത്തിൽ കയറിയിരുന്ന് പുഴയിലേക്ക് കാലിട്ട് പന്ത് തട്ടും, പുഴയുടെ മദ്യഭാഗത്ത് കയാക്കിങ്ങിൽ ഇരുന്ന് എത്ര സമയം വേണമെങ്കിലും കാല്‍പന്തില്‍ അഭ്യാസം തീർക്കും. കാഴ്‌ചക്കാരുടെ എണ്ണം റോക്കറ്റ് പോലെ കുതിക്കുമ്പോൾ അത് കണ്ടറിഞ്ഞ് റെക്കോഡ് ബുക്കില്‍ ഗൂഗിൾ തന്‍റെ പേര് എഴുതി ചേർക്കുമെന്ന വിശ്വാസത്തിലാണ് റിസ്‌വാൻ. ഒപ്പം പുതിയ ഫുട്‌ബോൾ ടെക്‌നിക്കുകളുടെ പരീക്ഷണത്തിലുമാണ്.
ചാലിയാറിന് കുറുകെയുള്ള കുനിയിൽ പെരുക്കടവ് പാലത്തിന്‍റെ കൈവരിയിലിരുന്നുള്ള റിസ്‌വാന്‍റെ ജഗ്‌ളിങ്ങിന്‍റെ വീഡിയോ 2022 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
also read: കൗതുകം ഈ ജഗ്‌ളിങ്: ഫുട്ബോള്‍ ഫ്രീ സ്റ്റൈലില്‍ വിസ്മയമായി റിസ്‌വാൻ