മലപ്പുറം :കുട്ടിക്കാലത്ത് ക്ലാസിലിരുന്നും മറ്റും പേന കറക്കി കളിക്കാത്തവരുണ്ടാകില്ല. എന്നാൽ അതേ വിനോദം ഗിന്നസ് നേട്ടത്തിലേക്കുള്ള ചവിട്ടുപടിയാക്കിയിരിക്കുകയാണ് വേങ്ങര സ്വദേശി മുഹമ്മദ് സിനാൻ.
ഒരു മിനിട്ടില്‍ 108 തവണ വിരൽത്തുമ്പിൽ പേന കറക്കിയാണ് സിനാൻ ഗിന്നസ് വേൾഡ് റെക്കോർഡ്‌സില്‍ ഇടം നേടിയിരിക്കുന്നത്. ഇതിലൂടെ മിനിട്ടില്‍ 88 തവണയെന്ന കാനഡയിലെ അലേഷ്യ അമോട്ടോയുടെ പേരിലുളള റെക്കോർഡാണ് സിനാൻ പഴങ്കഥയാക്കിയത്.
വിരൽ തുമ്പിൽ പേന കറക്കി സിനാന്‍ ഗിന്നസില്‍ നൗഷാദ് അലി -ലൈലാബി ദമ്പതികളുടെ മകനായ സിനാൻ വേങ്ങര മലബാർ കോളജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ മൂന്നാം വർഷ ബി.സി.എ വിദ്യാർഥിയാണ്.
വിരൽ തുമ്പിൽ മായാജാലം തീർത്ത് സിനാൻ
ലോക്ക്‌ഡൗണിൽ ഗിന്നസ് റെക്കോർഡുകളുടെ യൂട്യൂബ് വീഡിയോകൾ കാണുന്നതിനിടെയാണ് അത്തരമൊരു നേട്ടം കരസ്ഥമാക്കണമെന്ന ചിന്ത സിനാനിൽ ഉദിക്കുന്നത്. അതിന് പിന്നാലെ വിരൽ തുമ്പിലെ പേന കറക്കലിന്‍റെ ആക്കം കൂട്ടി. തുടർന്ന് റെക്കോർഡിന് അപേക്ഷ അയച്ച് കാത്തിരിപ്പായി.
ഇതിനിടെ കോളജിലെ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഗിന്നസ് അധികൃതർക്ക് പേന തിരിക്കലിന്‍റെ വീഡിയോ അയയ്ക്കുകയും ചെയ്‌തു. അധികം വൈകാതെ തന്നെ ലോക റെക്കോർഡ് എന്ന നേട്ടം സിനാനെ തേടിയെത്തി.
നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയ സിനാൻ നിരന്തര പരിശീലനത്തിലൂടെ ലോക റെക്കോർഡും കരസ്ഥമാക്കുകയായിരുന്നു. സ്വന്തം റെക്കോർഡ് തകർത്ത് വീണ്ടും ചരിത്രം സൃഷ്‌ടിക്കാനുള്ള ശ്രമത്തിലാണ് സിനാൻ.