മലപ്പുറം: രണ്ടര സെന്‍റ് ഭൂമിയിൽ വനം നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്. ഒന്നര ലക്ഷം രൂപ ചിലവിലാണ് വന നിർമാണം. തൃക്കലങ്ങോട് ചെറാംകുത്ത് പുല്ലൂർ മനയിൽ നടപ്പാക്കുന്ന മിയാവാക്കി വനവൽക്കരണം കലക്ടർ കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ കാലത്തിനുള്ളിൽ കൃത്രിമമായി വനം വളർത്തിയെടുക്കുന്ന ജപ്പാനീസ് സസ്യ ശാസ്ത്രജ്ഞനായ അകീറ മിയാവാക്കി ആവിഷ്ക്കരിച്ച പദ്ധതിയാണ് മിയാവാക്കി വനവൽക്കരണം. സാധാരണരീതിയിൽ വനം രൂപപ്പെടാൻ 25 വർഷമെടുക്കുമ്പോൾ മിയാ വാക്കി പദ്ധതിയിലൂടെ ഇത് അഞ്ച് വർഷത്തിനുള്ളിൽ നടപ്പാകുമെന്നതാണ് മിയാവാക്കിയുടെ പ്രത്യേകത. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീർത്തട ഘടകത്തിലുൾപ്പെടുത്തി പ്രകൃതി വിഭവ പരിപാലനത്തിൽപ്പെടുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്താണ് നടപ്പാക്കുന്നത്.
രണ്ടര സെൻ്റ് ഭൂമിയിൽ 'മിയാവാക്കി' ഒരുക്കി വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്
ഒന്നര ലക്ഷം രൂപ ചിലവിലാണ് വന നിർമാണം. പുല്ലൂർ മനയിൽ നടപ്പാക്കുന്ന മിയാവാക്കി വനവൽക്കരണം കലക്ടർ കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
രണ്ടര സെന്‍റ് സ്ഥലത്ത് ഒരു മീറ്റർ താഴ്ച്ചയിൽ മണ്ണെടുത്ത ശേഷം ചകിരിച്ചോറ്, ചാണകം മുതലായവ 1:1 എന്ന അനുപാതത്തിൽ മണ്ണുമായി ചേർത്ത് നിറച്ച ശേഷം വൻമരങ്ങൾ, ഇടത്തരം മരങ്ങൾ, ചെറു മരങ്ങൾ, തുടക്കിയവ വച്ചുപിടിപ്പിക്കുന്നതാണ് മിയാവാക്കി രീതി. കൃഷി ഭൂമിയിൽ ഒരു സ്ക്വയർ വലിപ്പത്തിൽ മൊത്തം 105 സമചതുരങ്ങൾ വരക്കുകയും ഒരു സമചതുരത്തിൽ വ്യത്യസ്ഥയിനത്തിൽപ്പെട്ട നാലു തൈകൾ നടുകയുമാണ് ചെയ്യുന്നത്. വൻ നഗരങ്ങളിൽ കുറഞ്ഞ സ്ഥലത്ത് വനം വളർത്തിയെടുക്കുന്ന പദ്ധതി ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കുകയാണ്.