മലപ്പുറം: ബ്രിട്ടീഷ് അധിനിവേശത്തോട് ധീരതയോടെ പോരാടിയ മലബാർ മേഖലയിലെ പ്രമുഖ നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഇന്നലെ 99 വയസ് തികഞ്ഞു.1922 ജനുവരി 20നാണ് അദ്ദേഹത്തെ ബ്രിട്ടിഷ് സേന വെടിവെച്ച് കൊന്നത്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ വെള്ളുവങ്ങാട് ചക്കിപറമ്പൻ കുടുംബത്തിൽ ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെയും കരുവാരക്കുണ്ടിലെ പാറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1870 ലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം.
കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ പാരമ്പര്യമായി ബ്രിട്ടീഷ് വിരുദ്ധ നിലപാട് വെച്ച് പുലർത്തുന്നവരായിരുന്നു ബ്രിട്ടിഷുകാർ നാട്ടുകാർക്കും സ്വന്തം കുടുംബത്തിനും നേർക്ക് നടത്തിയ പീഡനത്തിന്‍റെയും അനീതിയുടെയും കഥകൾ കേട്ടാണ് കുഞ്ഞഹമ്മദ് ഹാജി വളർന്നത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിന്‍റെ പേരിൽ ആൻഡമാൻ ദ്വീപുകളിലേക്ക് നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹത്തിന്‍റെ പിതാവ്. ബ്രിട്ടീഷ് വിരുദ്ധ ലഹളകൾക്ക് നേതൃത്വം നൽകിയതിന്‍റെ പ്രതികാരമായി ചക്കി പറമ്പത്തുകാരുടെ സ്വത്തുവകകൾ ബ്രിട്ടീഷുകാർ പലപ്പോഴായി കയ്യടക്കി. ബ്രിട്ടീഷ് വേട്ടയാടലുകളെ തുടർന്ന് ചക്കി പറമ്പത്ത് നിന്നും വാരിയൻ കുന്ന് തൊടിയിലേക്ക് താമസം മാറേണ്ടി വന്നതിനെ തുടർന്നാണ് വാരിയൻ കുന്നൻ എന്ന് പിൽകാലത്ത് ഹാജി അറിയപ്പെടാൻ കാരണം.
ബാലകൃഷ്‌ണൻ എഴുത്തച്ഛൻ, വെള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂൾ എന്നിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം കുഞ്ഞികമ്മു മൊല്ലയുടെ ഓത്തുപള്ളി, ആലി മുസ്ലിയാരുടെ സഹോദരൻ മമ്മദ് കുട്ടി മുസ്ലിയാരുടെ ദർസ് എന്നിവിടങ്ങളിൽ നിന്ന് മത വിദ്യാഭ്യാസവും നേടി. മരവ്യാപാരിയായിരുന്ന പിതാവിനെ ചെറുപ്പകാലം തൊട്ടേ കുഞ്ഞഹമ്മദ് ഹാജി സഹായിച്ചിരുന്നു. പോർച്ചുഗീസുകാരോട് യുദ്ധം ചെയ്ത് കൊല്ലപ്പെട്ട കുഞ്ഞി മരക്കാർ ആയിരുന്നു ഹാജിയുടെ വീര പുരുഷൻ.
ബ്രീട്ടീഷ് ഗവൺമെന്‍റ് നിരോധിച്ച യുദ്ധ കീർത്തനങ്ങളും, മറ്റു ശുഹദാ മൊലീദ് പാരായണവും സംഘടിപ്പിക്കുന്നതിലടക്കം സജീവമായിരുന്ന ഹാജി ഇക്കാരണങ്ങളാൽ പൊലീസ് മേധാവിയായ ചേക്കുട്ടിയുടെ നോട്ടപ്പുള്ളിയായി മാറിയതോടെ മൂന്നോളം തവണ അദ്ദേഹത്തിന് നാട് വിടേണ്ടതായി വന്നു. മക്കയിലും,ബോംബെയിലും ഉള്ള പ്രവാസി ജീവിതത്തിനിടെ അറബി, ഉർദു,ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകൾ പരിചയിച്ച ഇദ്ദേഹം 1921 ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്‍റെ നേതാക്കളിലൊരാളാ. ബ്രിട്ടീഷ് സൈന്യത്തോട് പോരാടി സ്വതന്ത്രമായ ഒരു നാട്ടുരാജ്യം അദ്ദേഹം സ്ഥാപിച്ചു. മലയാള രാജ്യം എന്നായിരുന്നു അദ്ദേഹം തന്‍റെ രാജ്യത്തിന് നൽകിയ പേര്. സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ടിപ്പു സുല്‍ത്താന് ശേഷം ബ്രിട്ടീഷുകാരുടെ യഥാര്‍ഥ വിരോധി എന്ന നിലക്ക് തന്നെയായിരുന്നു ഈ സ്ഥാനപ്പേര് അദ്ദേഹത്തിന് നാട്ടുകാര്‍ നല്‍കിയത്.