മലപ്പുറം:ഓണക്കാലത്തിന്‍റെ വരവറിയിച്ച് എടയൂരില്‍ ചെണ്ടുമല്ലികള്‍ പൂത്തു. ഓണവിപണി ലക്ഷ്യമിട്ടാണ് 'സുലഭ' പച്ചക്കറി കർഷക ഉത്‌പാദക കൂട്ടായ്‌മ ചെണ്ടുമല്ലി കൃഷി നടത്തിയത്. ഇടകലർന്ന് നിൽക്കുന്ന ചെണ്ടുമല്ലി പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്‌ച കാണാന്‍ നിരവധി പേരാണ് തോട്ടത്തില്‍ എത്തുന്നതെന്നും കര്‍ഷകര്‍ പറയുന്നു.
എടയൂരില്‍ ചെണ്ടുമല്ലികള്‍ പൂത്തു നേരത്തെ ഭൗമസൂചികയിൽ എടയൂർ മുളക് ഇടം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ പൂകൃഷി ആരംഭിച്ചത്. കുറ്റിപ്പുറം ബ്ലോക്കിലെ പതിനൊന്നര ഏക്കറോളം തരിശുഭൂമി പാട്ടത്തിനെടുത്ത് എട്ടേക്കറിൽ നെൽകൃഷിയും ബാക്കി പയർ, വെണ്ട, വഴുതന, കുമ്പളം തുടങ്ങിയ പച്ചക്കറിക്കൊപ്പം ഒരേക്കറോളം ചെണ്ടുമല്ലി കൃഷിയും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുകയായിരുന്നു.
ബെംഗളൂരുവിൽ നിന്ന് എത്തിച്ച നാലായിരത്തോളം ചെണ്ടുമല്ലി തൈകളും പൂവിട്ടെന്നും കര്‍ഷകര്‍ പറഞ്ഞു. ഓറഞ്ചും, മഞ്ഞയുമായി രണ്ടിനം ചെണ്ടുമല്ലി പൂക്കൾ ഇതിനകം കാഴ്‌ചയുടെ വസന്തമാണ് പ്രദേശത്ത് തീർത്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കൃഷി വരും വർഷങ്ങളിലും തുടരാനാണ് തീരുമാനമെന്ന് കർഷകരായ നാരായണനും, കെ.പി ഗോപിനാഥനും പറഞ്ഞു.
കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കൂടിയാണ് കൃഷി നടത്തിയത്. പെയിന്‍റുകളില്‍ ചേര്‍ക്കുന്ന നിറം നിര്‍മിക്കുന്നതിനായാണ് പ്രധാനമായും ചെണ്ടുമല്ലികള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ കൃഷി ചെയ്യാന്‍ തയ്യാറാണെന്നും സുലഭ അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് അയൂബ്, കൂട്ടായ്‌മ ഭാരവാഹികളായ മോഹനകൃഷ്‌ണൻ, സിക്കന്തർ ബാബു സി കെ ഇബ്രാഹിം, ശൈലജ, വിപിൻ, കാർഷിക വകുപ്പ് മുൻ ഉദ്യോഗസ്ഥ റെജീന, മറ്റ് ഉദ്യോഗസ്ഥരായ മഞ്‌ജു മോഹൻ, റസിയ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി പുരോഗമിക്കുന്നത്.
Also Read: പൂവണിഞ്ഞ് അതിര്‍ത്തി ഗ്രാമങ്ങള്‍ : കാഴ്‌ചയുടെ വിരുന്നൊരുക്കി തേനിയിലെ പാടങ്ങള്‍