മലപ്പുറം: കടല്‍കടന്നെത്തിയെ സൗഹൃദം അതിരുകളില്ലാതെ വളർന്നപ്പോൾ ലക്ഷദ്വീപുകാരി ലുഖ്‌മാനല്‍ സബയ്ക്ക് ഈ ലോക്ക്ഡൗൺ കാലം ജീവിതത്തിലെ മറക്കാനാകാത്ത ദിനങ്ങളായി. മഞ്ചേരി പൂക്കളത്തൂരിലെ സ്വകാര്യ മെഡിക്കല്‍ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ പരിശീലനത്തിന് എത്തിയതാണ് ലക്ഷദ്വീപ് സ്വദേശി ലുഖ്‌മാനല്‍ സബ. പക്ഷേ അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഹോസ്റ്റല്‍ അടച്ചു. നാട്ടിലേക്ക് മടങ്ങാൻ വഴിയില്ലാതെ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് പഠന സ്ഥാപനത്തിലെ കൂട്ടുകാരിയായ മാളവിക ലുഖ്‌മാനല്‍ സബയ്ക്ക് കരുതലായി മാറിയത്. മഞ്ചേരിയിലെ കോവിലകം കുണ്ടിലെ വീട്ടിലേക്ക് മാളവിക ക്ഷണിക്കുമ്പോൾ ലുഖ്‌മാനല്‍ സബ മറ്റൊന്നും ചിന്തിച്ചില്ല... ലോക്ക്ഡൗണിനിടയില്‍ റംസാൻ മാസം കൂടിയെത്തിയതോടെ സബ വിഷമത്തിലായി. പുണ്യമാസത്തില്‍ എങ്ങനെ നോമ്പു തുറക്കുമെന്ന് ലുഖ്‌മാനല്‍ സബ മനസില്‍ ആലോചിക്കുമ്പോൾ തന്നെ മാളവികയും കുടുംബവും പുണ്യമാസത്തിലെ നോമ്പുകാരായി മാറിയിരുന്നു.
സൗഹൃദം കലർപ്പില്ലാത്ത കരുതലാകുമ്പോൾ മാളവിക ഈ നോമ്പ് കാലത്തെ പുണ്യമാണ് - lakshadweep native at malappuram
മഞ്ചേരി പൂക്കളത്തൂരിലെ സ്വകാര്യ മെഡിക്കല്‍ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ പരിശീലനത്തിന് എത്തിയ ലക്ഷദ്വീപ് സ്വദേശി ലുഖ്‌മാനല്‍ സബയ്ക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടില്‍ പോകാൻ സാധിച്ചില്ല. കൂട്ടുകാരി മഞ്ചേരി സ്വദേശിയായ മാളവികയുടെ വീട്ടിലാണ് ഇപ്പോൾ സബ
മാളവികയുടെ രക്ഷിതാക്കളായ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായ പ്രദീപും ബോയിസ് ഹൈസ്കൂൾ അധ്യാപികയായ ബിന്ദുവും സ്വന്തം മകളെപ്പോലെ സബയെ ചേർത്ത് പിടിച്ചു. റംസാൻ നോമ്പെടുക്കാൻ രാവിലെ നാല് മണിക്ക് മാളവികയും കുടുംബവും ഒന്നിച്ച് എഴുന്നേല്‍ക്കും. ഓൺലൈൻ ക്ലാസുകളും പരീക്ഷകളുമായി സബയും മാളവികയും പഠനത്തില്‍ മുഴുകുമ്പോൾ പ്രദീപും ബിന്ദുവും എല്ലാ കരുതലുമായി മക്കൾക്കൊപ്പമുണ്ടാകും. വൈകിട്ട് സബയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങളുമായി മഞ്ചേരിയിലെ വീട്ടില്‍ നോമ്പ് തുറക്കുമ്പോൾ ലക്ഷദ്വീപിലെ അകത്തി ദ്വീപില്‍ സബയുടെ ഉപ്പ അബ്ദുറഹ്മാനും ഉമ്മ മറിയവും സമാധാനത്തിലും സന്തോഷത്തിലുമാണ്. മാളവികയുടെ വീട് തനിക്കേറ്റവും സുരക്ഷിതമായ ഇടമാണെന്നും തനിക്കൊപ്പം എല്ലാവരും നോമ്പ് എടുക്കാൻ തുടങ്ങിയത് അപ്രതീക്ഷിത അനുഭവമാണെന്നും ലുഖ്മാനുൽ സബ പറയുന്നു. കൊവിഡ് കാലത്ത് നാട് മുഴുവൻ പ്രതിസന്ധിയിലായപ്പോൾ കൂട്ടുകാരിയെ സ്വന്തം കുടുംബത്തോടൊപ്പം താമസിപ്പിക്കാനായതിന്‍റെ സന്തോഷത്തിലാണ് മാളവിക. അതിരുകളില്ലാതെ കടല്‍ കടന്നെത്തിയ സൗഹൃദത്തിനും സ്നേഹത്തിനും മുന്നില്‍ ഈ നാട് തോല്‍ക്കില്ല.