മലപ്പുറം:മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നഫീസത്തിന്‍റെ മൃതദേഹമാണ് മുറിക്കുള്ളിൽ ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ആറ് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.
വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം ജീർണിച്ച നിലയിൽ
മൃതദേഹത്തിന് ആറ് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി
ഹോം നഴ്സായി ജോലി ചെയ്യുന്ന നഫീസത്തിനെ ദിവസങ്ങളായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ താമസ സ്ഥലത്ത് നടത്തിയ തെരച്ചിലിലാണ് മുറിക്കുള്ളിൽ അഴുകിയ നിലയിൽ ജഡം കണ്ടെത്തിയത്. പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് വളാഞ്ചേരി സിഐ മനോഹരനും സംഘവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മൃതശരീരത്തിൽ വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരുന്നു. മരണത്തിന് മുമ്പോ ശേഷമോ നഫീസത്ത് ബലാത്സംഗത്തിന് ഇരയായതായി സൂചനയുണ്ടെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുവെന്നും സിഐ പറഞ്ഞു. വീടിന്‍റെ മുഴുവൻ വാതിലുകളും മുറിക്കുള്ളിലെ അലമാരയും തുറന്നിട്ട നിലയിലായിരുന്നു. വീട്ടിൽ ആളുണ്ടെന്നറിയിക്കാൻ ഉച്ചത്തിൽ ടിവി ഓൺ ചെയ്ത് വെച്ച നിലയിലുമായിരുന്നു. മരിച്ച നഫീസത്ത് ഒറ്റക്കാണ് വളാഞ്ചേരിയിലെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്.