മലപ്പുറം : ഖത്തർ ഫിഫ ലോകകപ്പ് അടുത്തെത്തിയതോടെ താമസിക്കുന്ന വീടിന് പൂർണമായി മഞ്ഞ നിറം നൽകിയിരിക്കുകയാണ് ഒരു കൂട്ടം ബ്രസീൽ ആരാധകർ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷ് എടക്കരയുടെ വീടിനാണ് മഞ്ഞ പെയിന്‍റ് അടിച്ചത്. പ്രദേശത്തെ കടുത്ത ബ്രസീൽ ആരാധകരുടെ നേതൃത്വത്തിലാണ് വീടിന് ആ ടീമിന്‍റെ കൊടിയുടെ നിറം നൽകി മനോഹരമാക്കിയത്.
ഈ വീടിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നേരത്തെ വീടിന് ഉണ്ടായിരുന്ന നിറം പൂർണമായി ഒഴിവാക്കി മൂന്ന് ദിവസം കൊണ്ടാണ് ബ്രസീൽ ആരാധകരുടെ നേതൃത്വത്തിൽ വീട് മഞ്ഞ പെയിന്‍റ് അടിച്ചത്. ഖത്തർ വേൾഡ് കപ്പ് കഴിയുന്നതുവരെ ഈ വീട് പൂർണമായി തങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ഇവിടുത്തെ ബ്രസീൽ ആരാധകർ പറയുന്നു. ഇതിന് പുറമെ വീടിന്‍റെ മുന്നിലെ ചുമരിൽ ബ്രസീൽ ഹൗസ് എന്നും എഴുതിയിട്ടുണ്ട്.
അകത്തേക്ക് കയറിയാൽ ബ്രസീലിയൻ ഇതിഹാസ താരങ്ങളായ പെലെ, റൊണാൾഡീഞ്ഞോ, കക്കാ, റൊമാരിയോ, റൊണാൾഡോ, നെയ്‌മർ ഉൾപ്പടെയുള്ള താരങ്ങളുടെ ചിത്രങ്ങളും ചുമരിൽ പതിച്ചിട്ടുണ്ട്. ഈ വീട്ടിലേക്ക് കയറുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നത് ഇതിഹാസ താരങ്ങളാണ്.
വീടിന് മഞ്ഞനിറം നല്‍കി ബ്രസീല്‍ ആരാധകര്‍ അത്തർ മണക്കുന്ന ഖത്തറിൽ ഇത്തവണ ബ്രസീൽ കപ്പടിക്കും എന്നാണ് ഊര്‍ങ്ങാട്ടിരിയിലെ ബ്രസീൽ ആരാധകർ പറയുന്നത്. ഫൈനലിൽ അർജന്‍റീനയെ പരാജയപ്പെടുത്തിയാൽ ഇരട്ടി മധുരമാകും എന്നും ആരാധകർ പറഞ്ഞു. വലിയ ആവേശത്തോടെയും ആരവത്തോടെയുമാണ് ഇവിടുത്തെ ബ്രസീൽ ആരാധകർ ഈ വർഷത്തെ ഖത്തർ ഫുട്ബോൾ ലോക കപ്പിനെ നോക്കി കാണുന്നത്.
തുടക്കം മുതൽ അവസാനം വരെ മത്സരങ്ങൾ കാണാനാണ് ഇത്തരത്തിൽ ഒരു വീട് തന്നെ ഇങ്ങനെ സജ്ജീകരിച്ചിരിക്കുന്നതെന്നും ഇവര്‍ വിശദീകരിക്കുന്നു. അതേസമയം പ്രദേശത്തെ അർജന്‍റീന, പോർച്ചുഗൽ, ജർമനി, സ്പെയിന്‍ ഉൾപ്പടെയുള്ള മറ്റ് ടീമുകളുടെ ആരാധകരും ഒപ്പത്തിനൊപ്പം തന്നെ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്. ഇവരും കൊടി തോരണങ്ങളും മറ്റും കെട്ടി പ്രദേശത്തെ ഭംഗിയാക്കിക്കൊണ്ടിരിക്കുകയാണ്.