മലപ്പുറം: തിരൂരിൽ വീട്ടിൽ സൂക്ഷിച്ച 50 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗലം സ്വദേശി ഷരീഫ് പൊലിസിന്‍റെ പിടിയിലായി. 25 ലക്ഷം രൂപ വരുന്ന പുകയില വസ്തുക്കളാണ് പിടിച്ചെടുത്തത്.
മലപ്പുറത്ത് 50 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി - malappura
തിരൂർ തുഞ്ചൻ പറമ്പിന് സമീപത്തെ വാടക വീട്ടിൽ നടത്തിയ റെയ്ഡിലാണ് 50 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗം തിരൂരിലെത്തിക്കുന്ന ലഹരി വസ്തുക്കൾ ഗോഡൗണുകളിൽ വെച്ച് വിൽപന നടത്തുന്നതായും, മുന്‍പ് ലഹരി വസ്തു കടത്ത് കേസിലെ പ്രതി ഷരീഫാണ് തിരൂരിലേക്ക് പാൻ ഉൽപന്നങ്ങൾ എത്തിക്കുന്നതെന്നും തിരൂർ സി.ഐ. പത്മരാജന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എസ് ഐ കെ.ജെ ജിനേഷും സംഘവും, തിരൂർ തുഞ്ചൻ പറമ്പിന് സമീപത്തെ വാടക വീട്ടിൽ നടത്തിയ റെയ്ഡിലാണ് 50 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ആൾ താമസമില്ലാത്ത വീടിന്‍റെ ഡൈനിങ് ഹാളിൽ പ്ലാസ്റ്റിക്ക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. തിരൂരിന്‍റെ തീരദേശ മേഖലയിൽ വ്യാപകമായി ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നത് പ്രതി ഷരീഫാണെന്ന് എസ്.ഐ ജിനേഷ് പറഞ്ഞു. ലഹരി വസ്തുക്കളുടെ ഗന്ധം പുറത്ത് അറിയാതാരിക്കാൻ വീടിനകത്ത് ചന്ദനത്തിരികളും പുറത്ത് വെളുത്തുള്ളി വിതറുകയും ചെയ്തതായും പൊലീസ് കണ്ടെത്തി. പ്രതി ഷരീഫ് രണ്ട് തവണ സമാനമായ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതാണെന്നും ഇയാൾ ജില്ലയിലെ പാൻമസാല ഉൽപ്പന്ന വിതരണക്കാരിൽ പ്രധാനിയാണെന്നും എസ് ഐ. പറഞ്ഞു.47000 ഹാൻസും, 10000 പാക്കറ്റ് കൂൾ എന്ന ഉൽപ്പന്നവും പൊലീസ് പിടിച്ചെടുത്തു. എ എസ് ഐമാരായ ജോബി വർഗ്ഗീസ്, പ്രമോദ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയപ്രകാശ് .ഷിബു, മുഹമ്മദ് കുട്ടി ,പങ്കജ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.