മലപ്പുറം:" കാലവും ചരിത്രവും കഥപറയുന്ന കാല്‍പ്പന്ത് മൈതാനത്ത് ചരിത്രം സൃഷ്ടിക്കാൻ രണ്ട് പടപ്പോരാളികൾ പോരാട്ട ഭൂമിയിലേക്ക് കടന്നുവരികയാണ്. സെന്‍റിമീറ്ററുകൾ പോലും പിഴയ്ക്കാത്ത പാസുകളും നെറ്റുകൾ പൊട്ടിത്തെറിക്കുന്ന കിടിലൻ ഷോട്ടുകളും കൊണ്ട് കാണികളെ ആനന്ദത്തില്‍ ആറാടിക്കുന്ന താരങ്ങൾ"... ഇതൊരു അനൗൺസ്മെന്‍റാണ്... കാല്‍പ്പന്ത് കളിയെ ഹൃദയത്തിലേറ്റിയ മലപ്പുറത്തിന്‍റെ സ്വന്തം റാഷിദിന്‍റെ ശബ്‌ദം.
മലബാറിലെ സെവൻസ് മൈതാനങ്ങളില്‍ കാല്‍പ്പന്ത് കളിയുടെ കിക്കോഫിനൊപ്പം റാഷിദിന്‍റെ ശബ്‌ദവും ആവേശമാണ്. പക്ഷേ കൊവിഡ് മഹാമാരിയില്‍ ലോക്ക് ഡൗൺ കൂടിയെത്തിയതോടെ മൈതാനങ്ങളില്‍ ആളും ആരവവും ഒഴിഞ്ഞു.
പക്ഷേ കളിയോടുള്ള ആവേശം കൈവിടാൻ റാഷിദ് തയ്യാറല്ല. സ്വന്തം ശബ്ദത്തിന് വിശ്രമം നല്‍കി താരങ്ങളുടെ ചിത്രങ്ങൾ വരയ്ക്കുകയാണ് റാഷിദ്. കോട്ടയ്ക്കലിലെ സെവൻസ് ഫുട്ബോൾ ടീമുകളുടെ മാനേജരായതിനാല്‍ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ വരച്ച് അവർക്ക് അയച്ചുകൊടുക്കുന്ന തിരക്കിലാണ് റാഷിദ്. മുൻപൊരിക്കലും ചിത്രം വര ശീലമാക്കാതിരുന്ന റാഷിദ് പരിശീലനമോ ചിത്രം വരയില്‍ ഔപചാരിക വിദ്യാഭ്യാസമോ ഇല്ലാതെയാണ് മനോഹര ചിത്രങ്ങൾ വരയ്ക്കുന്നത്. പതിനഞ്ചാം വയസിൽ മലപ്പുറത്തെ കോട്ടയ്ക്കലില്‍ രാഷ്ട്രീയ പാർട്ടികളുടെ അനൗൺസറായി തുടക്കം കുറിച്ച റാഷിദ് പിന്നീട് കാൽപന്തുകളിയുടെ മഹാ വിസ്മയം ശബ്ദം കൊണ്ട് മലപ്പുറത്തുകാരുടെ മനസിലേക്ക് വരച്ചിടുകയായിരുന്നു.
ലോക്ക്ഡൗണില്‍ "ശബ്‌ദത്തിന് വിശ്രമം": റാഷിദ് ചിത്രം വരയ്ക്കുകയാണ്... അനൗൺസർമാരുടെ സംഘടനയായ ഐ ഫായുടെ സംസ്ഥാന മീഡിയ കോ ഓർഡിനേറ്ററാണ് റാഷിദ്. അനൗൺസ്മെന്‍റ് രംഗത്ത് നിന്ന് നിരവധി അംഗീകാരങ്ങളും ഈ കലാകാരന് ലഭിച്ചിട്ടുണ്ട്. കൊവിഡ് ലോകത്തോട് വിടപറഞ്ഞ ശേഷം സെവൻസ് ടൂർണമെന്‍റുകൾ ആരംഭിക്കുമ്പോൾ അനൗൺസ്മെന്‍റ് ലോകത്തേക്ക് വേറിട്ട ശബ്‌ദവുമായി തിരിച്ചുവരാം എന്ന പ്രതീക്ഷയിലാണ് മലപ്പുറത്തിന്‍റെ സ്വന്തം റാഷിദ്.