മലപ്പുറം: ഇതൊരു സിനിമ കഥയല്ല, കെട്ടിട നിർമാണ ജോലിക്കിടെ ഭക്ഷണം കഴിച്ച് വിശ്രമം... അതിനിടെ, ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കുകയാണ്. പ്ലസ് ടു പരീക്ഷ എഴുതിയ ജയസൂര്യയ്ക്ക് എല്ലാവരേയും പോലെ ഫലം അറിയാൻ ആഗ്രഹമുണ്ട്. ഒപ്പമുണ്ടായിരുന്നവർ നിർബന്ധിച്ചപ്പോൾ ഫലം നോക്കി. ആദ്യം അമ്പരന്നെങ്കിലും ജയസൂര്യയ്ക്ക് സന്തോഷം അടക്കാനായില്ല. എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.
ജയസൂര്യയുടെ വിയർപ്പ് തുള്ളികൾ പറയും ഒരു എ പ്ലസ് വിജയ കഥ - education minister c raveendranath
പഠനത്തിനിടെ ആക്രി കച്ചവടത്തിനും കൂലി പണിക്കും പോയി, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മലപ്പുറം കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ജയസൂര്യ.
ഫലം അറിഞ്ഞപ്പോൾ ജയസൂര്യ ആദ്യം ഓർത്തത് മലപ്പുറത്ത് താമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ അച്ഛൻ രാജാ കണ്ണനെയാണ്. 17 വർഷങ്ങൾക്ക് മുൻപ് അപകടത്തില്‍ പരിക്കേറ്റ രാജ കണ്ണൻ കിടപ്പിലാണ്. വീട്ടുകാര്യങ്ങൾക്കും ഭർത്താവിന്‍റെ മരുന്ന് വാങ്ങാനുമായി അമ്മ കോവിന്ത ആക്രി കച്ചവടം ആരംഭിച്ചു. അമ്മയ്‌ക്കൊപ്പം ജയസൂര്യയും ആക്രി പെറുക്കി. പക്ഷേ അമ്മയുടെ സമ്മതമില്ലാത്തതിനാല്‍ ഒഴിവ് ദിവസങ്ങളില്‍ ജയൻ കെട്ടിടം പണിക്ക് പോകും. ജീവിതം തന്നെ പഠനമായപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ജയസൂര്യ. സ്കൂളിനും അധ്യാപകർക്കും ഇരട്ടി മധുരം കൂടിയാണ് ജയന്‍റെ വിജയം. ഇനിയും പഠിക്കണം. അധ്യാപകനാകണം. ജയസൂര്യ ആഗ്രഹം മറച്ചുവെക്കുന്നില്ല. പ്രതിസന്ധികളെ പോരാട്ട വീര്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും നേരിടാം. വിജയം അരികിലുണ്ട്. ജയസൂര്യയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല.