മലപ്പുറത്ത് കൊവിഡ് സമൂഹ വ്യാപന ആശങ്ക
55 പേരിൽ 23 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് ആശങ്ക വർധിപ്പിക്കുന്നു
മലപ്പുറം: ജില്ലയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ച 55 പേരിൽ 23 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് ആശങ്ക വർധിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 30 പേരും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേരുമാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവർ. സമ്പർക്കത്തിലൂടെ രോഗം പകർന്നവരിൽ 21 പേർ പൊന്നാനിയിൽ വ്യാപകമായി നടത്തിയ പരിശോധനകളിൽ പോസിറ്റീവായവരാണ്. ആരോഗ്യപ്രവർത്തകർ, നഗരസഭാ കൗൺസിലർ, പൊലീസ് ഉദോഗസ്ഥർ, സാമൂഹ്യപ്രവർത്തകര്‍ എന്നിങ്ങനെ ഒരുപാട് പേരുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ള വ്യക്തികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. പൊന്നാനി താലൂക്കിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ പ്രദേശത്ത് കനത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്ത് ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗണായിരിക്കുമെന്നും മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യങ്ങൾക്കുമല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് ലക്ഷണങ്ങളില്ലാത്തവരിൽ നടത്തിയ സാമ്പിൾ സർവേകളിൽ പോലും കൊവിഡ് സ്ഥിരീകരിച്ചത് സ്ഥിതി സങ്കീർണമാക്കുന്നുണ്ട്.