മലപ്പുറം:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ കനത്ത നിയന്ത്രണം തുടരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് കർശന നിരീക്ഷണം നടത്തുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നിട്ടുള്ളത്. ചില സ്വകാര്യ വാഹനങ്ങൾ ഒഴിച്ചാൽ റോഡുകളെല്ലാം ഒഴിഞ്ഞു കിടക്കുന്നു.
കനത്ത പൊലീസ് നിരീക്ഷണത്തിൽ മലപ്പുറം
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. വ്യക്തമായ കാരണമില്ലാതെ വാഹനങ്ങളിൽ യാത്ര പാടില്ല.
ജില്ലയിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അബ്‌ദുൽ കരീം പറഞ്ഞു. വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് സാധനങ്ങൾ എത്തിച്ചു നൽകും. കാസർകോട്ട് കൂടുതലും രോഗബാധയുള്ളത് ദുബായിൽ നിന്നും വന്നവർക്കാണ്. മലപ്പുറത്തും ദുബായിൽ നിന്നും എത്തിയവരുണ്ട്. അവർ കർശന നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങാൻ പാടില്ല. വെള്ളിയാഴ്‌ച പള്ളികളിൽ ജുമാ നമസ്‌കാരം ഉണ്ടാവില്ല. വ്യക്തമായ കാരണമില്ലാതെ വാഹനങ്ങളിൽ വരുന്നവർക്ക് പിഴയടക്കേണ്ടി വരും, അല്ലെങ്കിൽ വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കും. വൈകുന്നേരത്തിനകത്ത് എല്ലാവരും അവരവരുടെ വീട്ടിലെത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.