മലപ്പുറം: കൊവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടയിലും വർണ കുടകളുടെ പണിപുരയിലാണ് ത്രേസ്യാമ്മ. മരുന്നിനും ഭക്ഷണത്തിനുമായി ശാരീരിക അവശതകൾക്കിടയിലും തളരാത്ത മനസുമായി ത്രേസ്യാമ്മ പോരാടുകയാണ്. ഒന്നര വയസില്‍ പോളിയോ ബാധിച്ചതോടെ ചാലിയാർ പഞ്ചായത്തിലെ മണ്ണുപ്പാടം സ്വദേശിനി ത്രേസ്യാമ്മയുടെ ജീവിതം പൂർണമായും ലോക്ക്ഡൗണിലായി. പക്ഷേ ജീവിത പരീക്ഷണങ്ങളോട് തോറ്റ് കൊടുക്കാൻ ഈ 53കാരി തയ്യാറായില്ല. മാർക്കറ്റില്‍ ലഭിക്കുന്നതിന് തുല്യമായ വർണ കുടകൾ ത്രേസ്യാമ്മ വീട്ടിലിരുന്ന് നിർമിക്കാൻ തുടങ്ങി. അഞ്ച് വർഷം മുൻപ് ഹൃദയസംബന്ധമായ ഓപ്പറേഷനും ത്രേസ്യാമ്മക്ക് നടത്തിയിട്ടുണ്ട്.
ശാരീരിക അവശതകൾ മറന്ന് വർണ കുടകൾ തുന്നി ത്രേസ്യാമ്മ
പോളിയോ ബാധിച്ച് കാലുകൾ പൂർണമായും തളർന്ന് പോയ ത്രേസ്യാമ്മ വീട്ടിലിരുന്ന് വർണ കുടകൾ നിർമിച്ചാണ് ജീവിത ചെലവിനുള്ള പണം കണ്ടെത്തുന്നത്
ഏറ്റവും ആധുനിക മോഡലുകൾ ഉൾപ്പെടെയുള്ള കുടകളും ഇവിടെ ലഭ്യമാണ്. ഇതുകൂടാതെ വിവിധ വർണങ്ങളിലുള്ള കൊന്ത മാലകൾ, പേപ്പർ പേനകൾ എല്ലാം ത്രേസ്യാമ്മ നിർമിക്കുന്നുണ്ട്. ഇതെല്ലാം വിറ്റ് പണം സമ്പാദിക്കണമെന്ന മോഹമൊന്നും ത്രേസ്യാമ്മക്കില്ല. ജീവൻ നിലനിര്‍ത്താനുള്ള ഭക്ഷണവും മരുന്നും വാങ്ങാൻ മാസം കുറഞ്ഞത് 2500 രൂപയാണ് ത്രേസ്യാമ്മക്ക് വേണ്ടത്. ശാരീരിക പ്രയാസം മൂലം പുറത്തിറങ്ങി കുടകൾ ഉൾപ്പെടെ വിൽക്കാൻ കഴിയില്ല. കുടകൾ വിറ്റഴിച്ചില്ലെക്കിൽ ജീവിതം വീണ്ടും ലോക്ക്ഡൗണിലാകുമെന്നും ത്രേസ്യാമ്മ പറയുന്നു. ചുങ്കത്തറ സ്നേഹതീരവും ചാലിയാർ പാലിയേറ്റീവ് യൂണിറ്റുമാണ് ത്രേസ്യാമ്മയുടെ ലോകം.