മലപ്പുറം:കോട്ടക്കുന്നില്‍ ആരംഭിച്ച 'സൂര്യ മലബാര്‍ കാര്‍ണിവല്‍' ജനകീയോത്സവമാവുന്നു. ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെയും നേതൃത്വത്തിലാണ് മേള നടക്കുന്നത്. ഡിസംബർ 28ന് ആരംഭിച്ച മേള ജനുവരി അഞ്ചിന് സമാപിക്കും. സാമൂഹ്യ നേട്ടങ്ങളുടെ ഉന്നതിയില്‍ നില്‍ക്കുന്ന സംസ്ഥാനം ആഗോള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സാമൂഹിക ബോധം ദൃഢപ്പെടുത്തണമെന്ന് മേള ഉദ്ഘാടനം ചെയ്‌തുകൊണ്ട് നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു.
ജനകീയോത്സവമായി മലപ്പുറത്ത് 'മലബാര്‍ കാര്‍ണിവൽ'
ജില്ലാ ഭരണകൂടത്തിന്‍റെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെയും നേതൃത്വത്തിലാണ് മേള നടക്കുന്നത്
കേരളം ഇതര സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാണ്. എന്നാല്‍ സ്‌ത്രീ-പുരുഷ സമത്വത്തില്‍ ഇപ്പോഴും പിന്തുടരുന്ന പഴയ കാഴ്‌ചപ്പാടുകള്‍ മാറ്റാന്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ ഐക്യത്തോടെയുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. വിവിധ സംസ്‌കാരങ്ങളുടെ ഇഴുകിച്ചേരനിലുള്ള സഹിഷ്‌ണുതയുടെ നാടായി കേരളം നിലനില്‍ക്കണം മാത്രമല്ല പ്രകൃതി ദുരന്തങ്ങള്‍ തളര്‍ത്തിയ ജില്ലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ആഘോഷമാണ് മലബാര്‍ കാര്‍ണിവലെന്നും സ്‌പീക്കര്‍ കൂട്ടിച്ചേർത്തു. മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച് ജമീല അധ്യക്ഷയായി. ജില്ലാ കലക്‌ടര്‍ ജാഫര്‍ മലിക്, അസിസ്റ്റന്‍റ് കലക്‌ടര്‍ രാജീവ് ചൗധരി തുടങ്ങിയവര്‍ സംസാരിച്ചു.