മലപ്പുറം/തൃശൂർ: മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ട യാത്രക്ക് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് ശേഷം രണ്ട് ദിവസമായി അദ്ദേഹം വളാഞ്ചേരിയിലെ വീട്ടിലായിരുന്നു. ചോദ്യം ചെയ്‌തതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ആരംഭിച്ച പ്രതിഷേധ പരിപാടികൾ മൂന്നാം ദിവസമായ ഇന്നും തുടരുകയാണ്. ഇന്ന് രാവിലെ മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് പ്രതിഷേധം നടത്തിയ എബിവിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
കെ.ടി ജലീൽ തിരുവനന്തപുരത്തേക്ക്; റോഡ് നീളെ കരിങ്കൊടി - യൂത്ത് കോൺഗ്രസ്
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് ശേഷം രണ്ട് ദിവസമായി മന്ത്രി കെ.ടി ജലീൽ വളാഞ്ചേരിയിലെ വീട്ടിലായിരുന്നു. മലപ്പുറത്തും തൃശൂരും പ്രതിപക്ഷ യുവജന സംഘടനകൾ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.
മലപ്പുറത്ത് മന്ത്രി യാത്ര ചെയ്യുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. മാധ്യമപ്രവർത്തകർ പലരീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. പറയാനുള്ള എല്ലാ കാര്യങ്ങളും ഫേസ്ബുക്കിൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കെ.ടി ജലീലിന് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. പെരുമ്പിലാവ്, കിഴക്കേകോട്ട, പാലിയേക്കര ടോള്‍ പ്ലാസ്സ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. പൊലീസെത്തി പ്രവര്‍ത്തകരെ പിടിച്ച് മാറ്റി. പാലിയേക്കരയിൽ യൂത്ത് കോൺഗ്രസും ബിജെപിയും കരിങ്കൊടി കാണിച്ചു.