മലപ്പുറം: ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളിയിൽ നിർമിക്കാന്‍ തീരുമാനിച്ചിരുന്ന വാളാംതോട് ചെറുകിട ജലവൈദ്യുതി പദ്ധതി ലാഭകരമല്ലെന്ന വിലയിരുത്തലിനെ തുടർന്ന് കെഎസ്ഇബി ഉപേക്ഷിച്ചു. ഇതോടെ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ചെറുകിട ജലവൈദ്യുത പദ്ധതിക്കാണ് പൂട്ട് വീഴുന്നത്.
കെഎസ്ഇബി വാളാംതോട് ചെറുകിട ജലവൈദ്യുതി പദ്ധതി ഉപേക്ഷിച്ചു
വെള്ളം സംഭരിച്ച് വയ്ക്കാതെ മഴക്കാലത്തെ ഒഴുക്ക് വെള്ളം പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലായിരുന്നു പദ്ധതി രൂപകല്‍പ്പന ചെയ്‌തിരുന്നത്
കുറുവൻ പുഴയിലെ വെള്ളം തടഞ്ഞു നിര്‍ത്തി ഏഴര മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു പദ്ധതി. പദ്ധതിക്കായി 69.11 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. വെള്ളം സംഭരിച്ച് വെക്കാതെ മഴക്കാലത്തെ ഒഴുക്ക് വെള്ളം പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലായിരുന്നു പദ്ധതി രൂപകല്‍പ്പന ചെയ്‌തിരുന്നത്. ഇത്തരത്തിൽ ഏഴ് മാസം കൊണ്ട് 17.36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും.
പദ്ധതിയുടെ ആദ്യപ്രവർത്തനങ്ങൾ വാളാംതോടിൽ തുടങ്ങുകയും ഇതിന്‍റെ ഭാഗമായുള്ള സർവേ നടപടികൾ പൂർത്തിയാക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് പദ്ധതി ലാഭകരമല്ലെന്ന വിലയിരുത്തലുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി ഉപേക്ഷിക്കരുതെന്ന് കാണിച്ച് വാർഡ് അംഗം അനീഷ് അഗസ്റ്റ്യന്‍റെ നേതൃത്വത്തിൽ പ്രദേശവാസികൾ ഏറനാട് എംഎൽഎ പി.കെ.ബഷീറിന് നിവേദനം നൽകിയിട്ടുണ്ട്. ജനുവരി 30ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഈ ആവശ്യം ഉന്നയിക്കുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കിയതായും അനീഷ് അഗസ്റ്റ്യന്‍ പറഞ്ഞു.