വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത തള്ളാതെ മുസ്‌ലിം ലീഗ്
സഹകരിക്കാന്‍ തയാറുള്ളവരുമായി സഖ്യമാകാമെന്ന നിലപാട് ആണ് ലീഗിനുള്ളതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
മലപ്പുറം:തദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത തള്ളാതെ മുസ്‌ലിം ലീഗ്. സഹകരിക്കാന്‍ തയാറുള്ളവരുമായി സഖ്യമാകാമെന്ന നിലപാട് ആണ് ലീഗിനുള്ളതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം പാടില്ല എന്ന യൂത്ത് ലീഗ് നിലപാട് നിലനില്‍ക്കെയാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെ പുതിയ പ്രസ്‌താവന. കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ പ്രസ്‌താവനകളെ പൂര്‍ണമായും തള്ളിയാണ് ലീഗ് നേതൃത്വം രംഗത്ത് എത്തിയത്. ഇത് നിഷേധിച്ച മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് സഖ്യ സാധ്യതകള്‍ തുറന്ന് സമ്മതിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം മുസ്ലിം ലീഗിന്‍റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടി സിപിഎമ്മുമായി സഹകരിച്ചിട്ടുണ്ട്. സിപിഎമ്മുമായി സഹകരിക്കുമ്പോള്‍ മതേതര പാര്‍ട്ടിയും, അല്ലാത്തപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയുമായി മാറുന്നതെങ്ങനെ എന്നു മനസിലാകുന്നില്ലെന്നും കെപിഎ മജീദ് പറഞ്ഞു.