മലപ്പുറം: കെ-റെയിലിനെതിരായ പ്രതിപക്ഷ സമരം എൽഡിഎഫ് സർക്കാരിനെതിരായ നിലപാടുകളുടെ ഭാഗമാണെന്നും അതിനെ ഇടതുമുന്നണി രാഷ്ട്രീയമായി നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രം അനുമതി നൽകിയ കാര്യങ്ങൾ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. സർവേ നടത്താനും ഡിപിആർ തയാറാക്കാനും പാരിസ്ഥിതിക ആഘാത പഠനം നടത്താനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഹൈക്കോടതിയും ഇവ അംഗീകരിച്ചതാണ്.
നിലവിലെ സമരങ്ങൾ ഹൈക്കോടതി വിധിക്കെതിരെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രാനുമതി ലഭിക്കുമെന്ന പേരിൽ മുഖ്യമന്ത്രിയും സർക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന കെ സുധാകരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നമാണെങ്കില്‍ അത് പ്രത്യേകം പരിഗണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. നഷ്ടപരിഹാരം നല്കിയ ശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. തെറ്റായ പ്രചരണം നടത്തി ആളുകളെ കബളിപ്പിച്ച് സമരരംഗത്ത് ഇറക്കുകയാണ്. സാമൂഹിക ആഘാതപഠനത്തിനുള്ള കല്ലിടലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് കഴിഞ്ഞാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കൂ.