മലപ്പുറം: മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്നത് വളാഞ്ചേരി വട്ടപ്പാറയിലാണെന്ന് പൊലീസിന്‍റെ റിപ്പോർട്ട്. കഴിഞ്ഞ നാലുവർഷത്തിനിടെ 265 അപകടങ്ങളിൽ മരിച്ചത് 21 പേരെന്നും 140 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ട്. പാചക വാതക ലോറികളാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത്.
വാഹനങ്ങൾക്ക് കെണിയൊരുക്കി വട്ടപ്പാറ വളവ്: അപകടം ഒഴിവാക്കാൻ നടപടി വേണമെന്ന് നാട്ടുകാർ - malappuram
പാചക വാതക ലോറികളാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത്.
മലപ്പുറം ജില്ലയിലെ വട്ടപ്പാറയെന്ന പേര് കേൾക്കുമ്പോൾ തന്നെ അപകടങ്ങളാണ് എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്നത്. വട്ടപ്പാറയെന്നതിനേക്കാള്‍ വളവ് എന്നതാണ് ഏറെ പരിചിതം. റോഡില്‍ സാധാരണ തോന്നാവുന്ന ഒരു 90 ഡിഗ്രി വളവ് മാത്രമാണിതെങ്കിലും ഒരു മാസത്തിൽ കുറഞ്ഞത് ഏഴ് അപകടങ്ങളിവിടെ ഉണ്ടാകുമെന്നാണ് പൊലീസിന്‍റെ കണക്ക്. ദിവസവും രണ്ടായിരത്തോളം പാചക വാതക ലോറികളാണ് ദേശീയപാതയിലൂടെ കടന്നുപോകുന്നത്. ലോറികള്‍ മറിഞ്ഞാൽ പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നാട്ടുകാര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ തീപോലും കത്തിക്കാതെ സുരക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് നിത്യ സംഭവമാണ്.
വട്ടപ്പാറയിൽ വലിയ അപകടങ്ങൾ ഒഴിവാക്കാനുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടിയുമായി മുന്നോട്ട് പോയിരുന്നു. എന്നാൽ സംഭവത്തിൽ യാതൊരു വിധത്തിലുള്ള നടപടികളും അധികൃതർ എടുത്തിരുന്നില്ല. വട്ടപ്പാറ പൊലീസ് ഹെഡ് പോസ്റ്റ് ഉദ്ഘാടന സമയത്ത് ജില്ലാ പൊലീസ് മേധാവി രണ്ട് പൊലീസുകാരെ ഇവിടെ നിയമിക്കണമെന്നും ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഒരു പൊലീസുകാരനെ പോലും നിയമിച്ചിട്ടില്ലാത്ത അവസ്ഥയാണ്. സ്ഥലത്ത് അപകടം സംഭവിച്ചാൽ തിരൂരിൽ നിന്നോ പൊന്നാനിയിൽ നിന്നോ ഫയര്‍ഫോഴ്സ് എത്തണം. ഏതാനും വര്‍ഷം മുന്നെ കോടികള്‍ മുടക്കി വട്ടപ്പാറ വളവ് പരിഷ്കരിച്ചെങ്കിലും അപകടം ഒരു തുടര്‍ക്കഥയാണിന്നും. മണിക്കൂറുകൾ നീണ്ട ഗതാഗത നിയന്ത്രണവും ഈ പ്രദേശത്തുകാരുടെ ദുരന്തമാണ്.