മലപ്പുറം:പുതിയ അധ്യായന വർഷത്തിൽ വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ മലപ്പുറം ജില്ലയിലെ എല്ലാ പ്രധാന ബസ് സ്റ്റാൻഡുകളിലും യാത്ര സൗഹൃദ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ അമിത് മീണ. പുതിയ അധ്യായന വർഷത്തെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വിദ്യാർഥികൾക്ക് യാത്ര സൗഹൃദ കേന്ദ്രങ്ങളൊരുക്കി മലപ്പുറം ജില്ലാ കലക്ടര്‍ - collector
യാത്രാ സംബന്ധമായ എല്ലാ പരാതികൾക്കും വിദ്യാർഥികൾക്ക് യാത്രാ സൗഹൃദ കേന്ദ്രങ്ങളെ സമീപിക്കാം
യാത്രാ സംബന്ധമായ ഏത് പരാതിയും വിദ്യാർഥികൾക്ക് യാത്ര സൗഹൃദ കേന്ദ്രങ്ങളിൽ അറിയിക്കാം. വിദ്യാർഥികൾ നൽകുന്ന പരാതികൾ പരിശോധിക്കുകയും ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും കലക്ടർ വ്യക്തമാക്കി. ആർടിഒ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരായിരിക്കും കേന്ദ്രങ്ങളിൽ പ്രവർത്തിക്കുക. അതിനാൽ ഉദ്യോഗസ്ഥർക്ക് ഓരോ ബസ്റ്റാൻഡിലും മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ റൂമുകൾ അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. കൂടാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്‍റെ നേതൃത്വത്തിൽ എല്ലാ ബസുകളും ഹെൽപ്പ്‌ലൈൻ നമ്പറുകൾ ഉൾപ്പെടുന്ന സ്റ്റിക്കറുകളും പതിക്കും. സ്റ്റിക്കർ പതിക്കാത്ത ഒരു വാഹനവും സർവീസ് നടത്താൻ പാടില്ലെന്നും അത്തരം വാഹനങ്ങളിൽ കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്താൻ സ്കൂൾ അധികൃതരോട് കലക്ടർ മുന്നറിയിപ്പ് നൽകി.
വാൻ, ജീപ്പ് എന്നീ വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ വിദ്യാർഥികളെ കൊണ്ടുപോകരുതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ അധികൃതർക്കും വാഹന ഉടമകൾക്കും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.