കവളപ്പാറ ഉരുൾപൊട്ടലില്‍ മരണം 13
രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ന് നാല് പേരുടെ മൃതദേഹം കണ്ടെത്തി. 50 ലേറെ പേര്‍ ഇനിയും മണ്ണിനടിയില്‍
മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നാല് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. സൈന്യത്തിന്‍റെയും ദേശീയ ദുരന്തനിവാരണ സേനയുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അമ്പതിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നിഗമനം. കാലാവസ്ഥ അനുകൂലമായത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. മലപ്പുറം നഗരത്തിൽ മണ്ണിടിഞ്ഞ് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. മുണ്ടേരിയിൽ ഒറ്റപ്പെട്ട ഇരുന്നൂറോളം പേരെ രക്ഷപ്പെടുത്താനുള്ള ശ്രമവും തുടരുകയാണ്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ ഒറ്റപ്പെട്ടിരുന്നു. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനും ഇന്ന് സാധിച്ചു. ജില്ലയിലെ നദികളിലെ ജലനിരപ്പ് താഴ്ന്നതോടെ ആശങ്ക കുറഞ്ഞെങ്കിലും 40,000 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.