മലപ്പുറം: അജ്ഞാതനെ പേടിച്ച് കരുളായി പ്രദേശം. ശനിയാഴ്ച്ച രാത്രി കരുളായി പഞ്ചായത്തിലെ ചെട്ടിയിൽ പാലക്കതൊടി ശങ്കരന്‍റെ മകൾ രഞ്ജുഷയുടെ കണ്ണിൽ അജ്ഞാതൻ മുളക് പൊടി വിതറുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ശബ്ദമുണ്ടാക്കിയതോടെ അജ്ഞാതൻ ഓടി രക്ഷപ്പട്ടു. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് രഞ്ജുഷ പറഞ്ഞു. നാട്ടുകാർ വിവരം വിളിച്ചു പറഞ്ഞതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും അജ്ഞാതനെ തിരയുന്നതിനോ, വിവരങ്ങൾ ചോദിച്ച് അറിയുന്നതിനോ ശ്രമിച്ചില്ലെന്നും നാട്ടുകാരോട് മോശമായി പെരുമാറുകയും, 5 പേരുടെ മൊബൈൽ ഫോൺ ബലമായി പിടിച്ച് കൊണ്ട് പോകുകയും ചെയ്തെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് കരുളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരാതി നൽകി.
ബ്ലാക്ക്‌മാന് പേടിയിൽ കരുളായിയും പൂക്കോട്ടും പാടവും - covid 19
പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് ആരോപണം ഉയരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് കരുളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരാതി നൽകി
ജനങ്ങളെ ഭീതിയിലാക്കി അജ്ഞാതൻ വിലസുന്ന സാഹചര്യത്തിൽ ശക്തമായ നടപടി പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ബ്ലാക്ക്‌മാന്‍ പ്രചരണത്തിന് പിന്നിൽ ലോക് ഡൗൺ ലംഘിച്ച് രാത്രിയിൽ ചുറ്റി സഞ്ചരിക്കാനുള്ള തന്ത്രമാണെന്ന് പൊലീസ് പറയുന്നു. അമരമ്പലം, കരുളായി പഞ്ചായത്തുകൾ ബ്ലാക്ക്‌മാൻ ഭീതിയിൽ നിൽക്കുമ്പോഴും ഇതുവരെ ബ്ലാക്ക് മാനെ ആരും നേരിൽ കണ്ടിട്ടുമില്ല. എന്തായാലും ജനങ്ങളുടെ ഭീതിയകറ്റാനും ബ്ലാക്ക്‌മാന് പിന്നിലെ ചേതോവികാരം മനസിലാക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്.