മലപ്പുറം :യാത്രക്കാരൻ കൊണ്ടുവന്ന 2.5 കോടി വിലവരുന്ന സ്വർണം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ ശ്രമിച്ച രണ്ട് ഇൻഡിഗോ എയർലൈൻ ജീവനക്കാർ പിടിയിൽ. സീനിയർ എക്‌സിക്യുട്ടിവ് ഓഫിസർ സാജിദ് റഹ്‌മാൻ, കസ്റ്റമർ സർവീസ് ഏജന്‍റ് മുഹമ്മദ് സാമിൽ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 4.9 കിലോഗ്രാം സ്വർണ മിശ്രിതമാണ് ഇവർ കടത്താൻ ശ്രമിച്ചത്. സ്വർണം ഒളിപ്പിക്കാനുപയോഗിച്ച വസ്‌തുക്കളുടെ ഭാരം ഒഴിച്ചാലുള്ള തൂക്കമാണിത്.
ദുബായിൽ നിന്ന് വയനാട് സ്വദേശി അസ്‌കറലി എന്ന യാത്രക്കാരൻ കൊണ്ടുവന്ന സ്വർണമടങ്ങിയ പെട്ടി പുറത്ത് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സീനിയർ എക്‌സിക്യുട്ടീവ് ഓഫിസർ സാജിദ് റഹ്‌മാൻ അറസ്റ്റിലായത്. ജീവനക്കാരുടെ ഒത്താശയോടെ സ്വർണം കടത്തുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരെ കസ്റ്റംസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് സാജിദ് റഹ്‌മാനെ സംശയാസ്‌പദമായ സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത്.