മലപ്പുറം: മലപ്പുറം ജില്ലയില്‍ കനത്ത മഴ. ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ കനത്ത മഴയെ തുടർന്ന് മണ്ണ് പുഴയിലേക്കിടിഞ്ഞു.
ഉച്ചമുതല്‍ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പ്രദേശത്ത് നിന്നും ജനങ്ങളെ ഇന്നലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത മഴയില്‍ ഒലിപ്പുഴ കരകവിഞ്ഞു.
നിലമ്പൂര്‍ താലൂക്കിലെ കാളികാവ് മേഖലയിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്‌തു. അപകട മേഖലയില്‍ അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
അട്ടപ്പാടിയിലും ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനത്തു. അട്ടപ്പാടി ചുരത്തില്‍ പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി. മന്ദംപൊട്ടി ക്രോസ് വേ കവിഞ്ഞത് മൂലം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലും കനത്ത മഴ തുടരുന്നു. തോടുകളും പുഴകളും കരവിഞ്ഞു.
മീന്‍വല്ലം പ്രദേശത്ത് വനത്തിനുള്ളില്‍ കനത്ത മഴ പെയ്‌തതോടെ തുപ്പനാട് പുഴയും കരകവിഞ്ഞൊഴുകുകയാണ്. തെങ്കര സ്വദേശി ചന്ദ്രന്‍റെ ബൈക്ക് ഏഴാംവളവില്‍ ഒഴുക്കില്‍പ്പെട്ടു. ആളപായമില്ല.
അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളമുള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുലാവര്‍ഷമാരംഭിക്കാന്‍ സാധ്യതയുയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയേക്കും. തുലാവര്‍ഷത്തിന് മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ കാറ്റിന്‍റെ വരവും സജീവമാകുന്നുണ്ട്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
Also Read: ഡൽഹിയിൽ ആറ് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ