മലപ്പുറം: 30 വർഷം മുൻപ് തിയറ്ററിൽ നിന്ന് രണ്ട് രൂപയ്‌ക്ക് എടുത്ത സിനിമാ ടിക്കറ്റ് ഓർമയുണ്ടോ? എന്നാൽ ഹംസയുടെ ശേഖരത്തിൽ അത് ഭദ്രമായുണ്ട്. പെരിന്തൽമണ്ണ ജൂബിലി റോഡ‍് സ്വദേശി മുണ്ടുമ്മൽ ഹംസയാണ്(46) താൻ 30 വർഷം കൊണ്ട് കണ്ട സിനിമകളുടെയെല്ലാം ടിക്കറ്റുകൾ സൂക്ഷിച്ച് വച്ചിരിക്കുന്നത്. 1991ൽ രണ്ട് രൂപയ്‌ക്ക് അലങ്കാർ തിയറ്ററിൽ നിന്നെടുത്ത ടിക്കറ്റു മുതൽ 2020ലെ ലോക്ക്ഡൗൺ വരെ താൻ കണ്ട സിനിമകളുടെ ടിക്കറ്റുകളെല്ലാം അദ്ദേഹം പ്രത്യേക ആൽബങ്ങളാക്കി ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
മഞ്ചേരിയിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തിവരുന്ന ഹംസ 'കാടിന്റെ മക്കൾ' എന്ന സിനിമയാണ് ആദ്യമായി തിയറ്ററിൽ നിന്ന് കണ്ടത്. സിനിമയോട് അതിയായ കമ്പമുള്ള ഹംസ ലോക്ക്ഡൗണിന് മുൻപു വരെ ഇഷ്‌ട സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. ലോക്ക്ഡൗണിന് മുൻപായി അവസാനം കണ്ടത് കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിന് ഇറങ്ങിയ കപ്പേളയാണ്.