പരീക്ഷണത്തിനിടെ ഗെയില്‍ പൈപ്പ് ലൈനില്‍ ജലച്ചോര്‍ച്ച; പ്രതിഷേധിച്ച് ജനങ്ങള്‍ - gail pipe line
കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ ചോര്‍ച്ച കണ്ടെത്തിയത്
മലപ്പുറം:പരീക്ഷണത്തിനിടെ ഗെയില്‍ പൈപ്പ് ലൈനില്‍ ജലച്ചോര്‍ച്ച. മഞ്ചേരി വീമ്പൂരിലാണ് ഗെയിൽ പൈപ്പ് ലൈനിൽ ജല ചോർച്ച കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ ചോര്‍ച്ച കണ്ടെത്തിയത്. ക്ഷമത പരിശോധിക്കാൻ വെള്ളം കടത്തിവിട്ട് നടത്തിയ പരീക്ഷണത്തിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം ശക്തിയായി പുറത്തേക്കൊഴുകിയത്. വാള്‍വ് സ്റ്റേഷന് സമീപത്താണ് പൈപ്പ് പൊട്ടിയത്. പൈപ്പ് ലൈന്‍ സ്ഥാപിച്ച് മണ്ണിട്ടുമൂടിയ ഭാഗത്തുനിന്ന് ശക്തമായി വെള്ളം പുറത്തേക്കൊഴുകുകയായിരുന്നു.
വെള്ളം കടത്തിവിടുമ്പോള്തന്നെ തകരുന്ന പൈപ്പ് വഴി ഇന്ധനം കടത്തിവിടുന്നത് ജീവന് ഭീഷണിയാണെന്ന ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഗെയില്‍ അധികൃതരുടെ വിശദീകരണം. പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം നടത്തുന്ന പരിശോധനകളില്‍ ഇത്തരം ചോര്‍ച്ച കണ്ടെത്താറുണ്ട്. ശക്തമായ മര്‍ദത്തില്‍ വെള്ളം കടത്തിവിട്ടുള്ള പരിശോധനയിലാണിത് കണ്ടെത്തിയത്. പരിഹരിക്കാൻ ശ്രമമാരംഭിച്ചതായും ഗെയിൽ അധികൃതർ അറിയിച്ചു.