മലപ്പുറം: നെടുങ്കയം, മുണ്ടക്കടവ് കോളനികളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഇഫ്ത്വാര്‍ വിരുന്നൊരുക്കി എം പി പിവി അബ്ദുല്‍ വഹാബ്. സന്‍സദ് ആദര്‍ശഗ്രാമം പദ്ധതി പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായാണ് നാനൂറോളം ആദിവാസികള്‍ക്കാണ് നെടുങ്കയം ട്രൈബൽ സ്‌കൂളില്‍ ഇഫ്ത്വാര്‍ വിരുന്നൊരുക്കിയത്.
ആദ്യ ഇഫ്ത്വാര്‍ വിരുന്നിൽ പങ്കെടുത്ത് ആദിവാസി കുടുംബങ്ങൾ
സ്‌റ്റേജില്‍ നിന്നും ബാങ്ക് വിളിച്ചതോടെ ജീവിതത്തിലാദ്യാമായി കാടിന്‍റെ മക്കള്‍ കാരക്ക കഴിച്ച് നോമ്പ് തുറന്നു
ഓണത്തിനും, പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലും ഭക്ഷ്യധാന്യ കിറ്റുകള്‍ ലഭിക്കാറുണ്ടെങ്കിലും കോളനിക്കാര്‍ ആദ്യമായാണ് നോമ്പുതുറ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നത്. സ്‌റ്റേജില്‍ നിന്നും ബാങ്ക് വിളിച്ചതോടെ ജീവിതത്തിലാദ്യാമായി കാടിന്‍റെ മക്കള്‍ കാരക്ക കഴിച്ച് നോമ്പ് തുറന്നു. പി വി അബ്ദുല്‍ വഹാബ് എം പി അടക്കം ആദിവാസികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത് കോളനിക്കാര്‍ക്ക് പുതുമയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് കരുളായി പഞ്ചായത്ത് സന്‍സദ് ആദര്‍ശ് ഗ്രാമമായി പി വി അബ്ദുല്‍ വഹാബ് എം പി ഏറ്റെടുത്തത്. ഗോത്ര വിഭാഗമായ ചോല നായ്ക്കര്‍ ഉള്‍പ്പെടുന്ന കരുളായി ഗ്രാമ പഞ്ചായത്തിനെ ആദര്‍ശ് ഗ്രാമ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തിയത് ഏറെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഏറെ ശ്രദ്ധയാകര്‍ഷിച്ച ട്രൈബൽ സ്‌കൂളും, മറ്റു സാമൂഹ്യ പദ്ധതികളും വലിയ വിപ്ലവമാണ് കോളനികളിലുണ്ടാക്കിയത്. ഈ കോളനികളില്‍ നിന്നും എസ്എസ്എല്‍സി വിജയിച്ച ആറ് പേരെയും, പ്ലസ്ടു വിജയിച്ച നാല് പേരെയും എംപി ചടങ്ങില്‍ ആദരിച്ചു. ഇഫ്താര്‍ സംഗമത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ പി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.