മലപ്പുറം: ക്രിസ്മസ്, ന്യൂ ഇയര്‍ വിപണിയില്‍ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേര്‍ക്കല്‍ തടയുന്നതിനുമായി പ്രത്യേക പരിശോധന സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷണര്‍ ജി. ജയശ്രീ. ഡിസംബര്‍ 17 മുതല്‍ 31 വരെ രണ്ട് സ്‌ക്വാഡുകളായാണ് പരിശോധനകള്‍ നടത്തുക.
ക്രിസ്മസ്, ന്യൂ ഇയർ ഭക്ഷ്യ വിപണി സുരക്ഷിതമാക്കാൻ സുരക്ഷാ സ്ക്വാഡ്
ലേബൽ വിവരങ്ങൾ കൃത്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് മൂന്ന് ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്
കേക്ക്, വൈന്‍ മുതലായ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ബോര്‍മകള്‍, ബേക്കറി യൂണിറ്റുകള്‍, ചില്ലറ വില്‍പ്പന ശാലകള്‍ തുടങ്ങിയവ പരിശോധിച്ച് സാമ്പിളുകള്‍ പരിശോധനക്ക് അയക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. സ്ഥാപനങ്ങളുടെ ശുചിത്വം, ജീവനക്കാരുടെ വ്യക്തി ശുചിത്വം, കൊവിഡ് മാനദണ്ഡങ്ങള്‍ എന്നിവ വിലയിരുത്തും. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എന്നിവ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷണര്‍ അറിയിച്ചു.
കഴിഞ്ഞ ഒരു മാസമായി ജില്ലയില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ മേല്‍വിലാസത്തില്‍ പാക്കറ്റ് ഭക്ഷ്യവസ്തുക്കളില്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. നിര്‍മാതാക്കളെ ബോധവല്‍ക്കരിച്ച് ലേബല്‍ വിവരങ്ങള്‍ കൃത്യമാക്കുക എന്നതാണ് ഈ പരിശോധനകളുടെ ലക്ഷ്യം. 2021 ജനുവരിയില്‍ മലപ്പുറം ജില്ലയെ ആദ്യ സീറോ മിസ്ബ്രാന്‍ഡഡ് ജില്ലയായി പ്രഖ്യാപിക്കും. ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നത് ഭക്ഷ്യ സുരക്ഷാ നിയമത്തിലെ സെക്ഷന്‍ 52 അനുസരിച്ച് മൂന്ന് ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ബോധവല്‍ക്കരണം നല്‍കിയതിന് ശേഷവും ലേബല്‍ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിക്കും.