വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘങ്ങൾ ഇന്ന് മലപ്പുറത്തെത്തി. സംസ്ഥാന എൻഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്‍ററിലേയും ഉദ്യോഗസ്ഥരാണ് മലപ്പുറത്ത് എത്തിയത്. വെസ്റ്റ് നൈല്‍ ബാധിച്ച് മരിച്ചആറ് വയസുകാരൻ മുഹമ്മദ് ഷാന്‍റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളിലായിരുന്നു ആദ്യ പരിശോധന. ക്യൂലക്സ് കൊതുകുകളുടെ വലിയതോതിലുള്ള സാന്നിധ്യമാണ് ഇവിടെ ഉണ്ടായിരുന്നത്.
വെസ്റ്റ് നൈൽ വൈറസിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘം മലപ്പുറത്ത് - വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച്
വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുൻകരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യങ്ങള്‍.
കൊതുകുകളില്‍ വൈറസ് ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായികോട്ടയത്തെ ലാബില്‍ പരിശോധന നടത്തും. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. വെസ്റ്റ് നൈൽ പനിക്കെതിരെ വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്സിൻ ഇല്ലെന്നതാണ് വെല്ലുവിളി. പകരം കൊതുക് നശീകരണം ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.