മലപ്പുറം: കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ പിടിയിലായ മാവോവാദി നേതാവ് ഡോ.ദിനേശിനെ നിലമ്പൂര്‍ വനമേഖലയിലെ ഉള്‍ക്കാടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലിനിടെ 2016ൽ നിലമ്പൂര്‍ വനമേഖലയില്‍ സന്ദര്‍ശനം നടത്തിയതായി ഡോ. ദിനേശ് സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡോ.ദിനേശിനെ തെളിവെടുപ്പിന് എത്തിച്ചത്.
മാവോവാദി നേതാവ് ഡോ. ദിനേശിനെ നിലമ്പൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
2016ലെ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട അജിതയാണ് തന്നെ മാവോവാദി വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്തതെന്ന് നേരത്തെ ദിനേശ് വെളിപ്പെടുത്തിയിരുന്നു
2016ലെ പൊലീസ് വെടി വയ്‌പ്പിൽ കൊല്ലപ്പെട്ട അജിതയാണ്(കാവേരി) തന്നെ മാവോവാദി വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്തതെന്ന് നേരത്തെ ദിനേശ് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയും പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗമായ കുപ്പു ദേവരാജിനെ കാണുന്നതിനും പരിചയപ്പെടുന്നതിനും പാര്‍ട്ടി ആശയങ്ങള്‍ പരസ്പരം പങ്കു വയ്‌ക്കുന്നതിനും വേണ്ടിയാണ് നിലമ്പൂര്‍ കാടുകളിലെത്തിയതെന്നും ദിനേശ് സമ്മതിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. വിക്രമന്‍റെ നേതൃത്വത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതും. പ്രധാനമായും അര്‍ബ്ബന്‍ മാവോവാദിയായ ഡോ. ദിനേശ്, മാവോവാദി പാര്‍ട്ടിയുടെ പോഷക സംഘടനയായ ഡെമോക്രാറ്റിക് സ്‌റ്റുഡന്‍റ്‌സ് അസോസിയേഷന്‍(ഡി.എസ്.എ)എന്ന സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
2019 ഒക്‌ടോബര്‍ 28, 29 തീയതികളില്‍ നടന്ന മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ പങ്കെടുത്ത മാവോവാദി ശോഭയും (സവിത) ഡോ. ദിനേശിന്‍റെ സാന്നിധ്യം നിലമ്പൂര്‍ കാടുകളിലുണ്ടായിരുന്നതായി തിരിച്ചറിഞ്ഞിരുന്നു. 2016-ല്‍ മാവോവാദികള്‍ക്കായി നിലമ്പൂര്‍ കാടുകളില്‍ നടന്നിട്ടുള്ള ആയുധപരിശീലനത്തിലും ഡോ. ദിനേശ് പങ്കെടുത്തിട്ടുണ്ട്. പിന്നീട് തിരികെ നാട്ടിലേക്ക് പോകുകയായിരുന്നു. ആയുധ പരിശീലനം നടത്തിയത് ഛത്തീസ്‌ഗഡ് സ്വദേശിയായ ദീപക്കും ഭാര്യ ഷര്‍മിളയുമാണ്. ദീപകിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.