കേരളം

kerala

ETV Bharat / state

പ്രളയത്തിൽ എല്ലാം നഷ്ടമായി; വൃദ്ധ ദമ്പതികള്‍ രണ്ട് വര്‍ഷമായി വാടകവീട്ടില്‍

ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇവരെ വാടക വീട്ടിലേക്ക് മാറ്റിയത്

മലപ്പുറം  ചാലിയാർ പഞ്ചായത്ത്  പ്രളയം  elderly couple  lost house  flood
പ്രളയത്തിൽ എല്ലാം നഷ്ടമായ വൃദ്ധ ദമ്പതികൾ 22 മാസമായി കഴിയുന്നത് വാടക വീട്ടിൽ

By

Published : Jun 27, 2020, 1:39 PM IST

മലപ്പുറം:പ്രളയത്തിൽ എല്ലാം നഷ്ടമായ വൃദ്ധ ദമ്പതികൾ 22 മാസമായി കഴിയുന്നത് വാടക വീട്ടിൽ. 2018ലെ പ്രളയത്തിലാണ് ചാലിയാർ പഞ്ചായത്തിലെ മതിൽ മൂലയിലെ അമ്പാഴത്തിങ്ങൽ കുഞ്ഞുമുഹമ്മദ് ഭാര്യ പാത്തുമ്മ എന്നീ വൃദ്ധ ദമ്പതികൾക്ക് ആകെ ഉണ്ടായിരുന്ന 62 സെന്‍റില്‍ 56 സെന്‍റ് ഭൂമിയും നഷ്ടമായത്. ഇവര്‍ക്കുണ്ടായിരുന്ന വീടും ഏതു സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു. ഇതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഇവരെ നമ്പൂരിപ്പൊട്ടിയിലെ വാടക വീട്ടിലേക്ക് മാറ്റി. ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഇവർ. മക്കൾ ഇല്ലാത്ത ഈ വൃദ്ധ ദമ്പതികൾ രോഗികളുമാണ്. കുഞ്ഞുമുഹമ്മദ് വർഷങ്ങളായി കാൻസറിന് ചികിത്സയിലാണ്. പാത്തുമ്മക്ക് മറ്റ് ശരീര അവശതകളും ഉണ്ട്. രണ്ട് വർഷമായിട്ടും ഇതുവരെ നഷ്ടപരിഹാരമായി ഒന്നും ലഭിച്ചിട്ടില്ലെന്നും നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ഓരോ ദിവസവും ഇവർ തള്ളിനീക്കുന്നതെന്നും ഇവര്‍ പറയുന്നു. കാഞ്ഞിരപ്പുഴയുടെ മതിൽ മൂല ഭാഗത്ത് സർക്കാർ നിർദേശപ്രകാരംപ്രളയത്തിൽ വന്നടിഞ്ഞ കല്ലും മണ്ണും നീക്കം ചെയ്യുമ്പോള്‍ തങ്ങളുടെ വീടിന്‍റെ താഴ്ഭാഗത്ത് മണ്ണിട്ട് സുരക്ഷ ഒരുക്കുന്നില്ലെന്നും ഈ വൃദ്ധ ദമ്പതികൾ പറയുന്നു.

പ്രളയത്തിൽ എല്ലാം നഷ്ടമായ വൃദ്ധ ദമ്പതികൾ 22 മാസമായി കഴിയുന്നത് വാടക വീട്ടിൽ

രാഷ്ട്രീയ പാർട്ടികളോ ജനപ്രതിനിധികളോ ഇവരെ തിരിഞ്ഞു നോക്കുന്നില്ല. ചെറിയ ഒരു സ്റ്റേഷനറി കച്ചവടം നടത്തിയും തങ്ങൾക്ക് ഉണ്ടായിരുന്ന 62 സെന്‍റില്‍ കൃഷി ചെയ്തുമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ ആ ഭൂമിയിൽ അവശേഷിക്കുന്നത് പ്രളയത്തിൽ ഒഴുകി എത്തിയ കല്ലുകൾ മാത്രം. മരിക്കുന്നതിന് മുൻപ് ഭയപ്പാടില്ലാതെ സ്വന്തം വീട്ടിൽ കിടന്നുറങ്ങണം. അതിനാൽ അധികൃതർ സുരക്ഷാ ഭിത്തി നിർമ്മിച്ച് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details