നാടോടി ബാലിക ആക്രമിക്കപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു - എടപ്പാൾ
സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ സി രാഘവൻ ആണ് ബാലികയെ മർദ്ദിച്ചത്.
മലപ്പുറം: എടപ്പാളിൽ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം കെ മോഹൻ കുമാറാണ് കേസെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നൽകണം. കുട്ടികൾക്ക് നേരേ വർധിച്ചുവരുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ മലപ്പുറം ജില്ലാ കളക്ടർ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ സി രാഘവൻ ആണ് ബാലികയെ മർദ്ദിച്ചത്. ആക്രി പെറുക്കിവിറ്റ് ഉപജീവനം നടത്തിയിരുന്ന കുട്ടി കഴിഞ്ഞ ദിവസം എടപ്പാളിലെ ഒരു കെട്ടിടത്തിന് സമീപം ആക്രി പെറുക്കാനെത്തിയിരുന്നു. ആക്രി പെറുക്കരുത് എന്ന് കുട്ടിയോട് പറഞ്ഞെങ്കിലും കേട്ടില്ലെന്നാരോപിച്ചാണ് രാഘവൻ കുട്ടിയുടെ ചാക്ക് പിടിച്ച് വാങ്ങി തലയ്ക്ക് അടിച്ചത്. ചാക്കിനകത്ത് ഇരുമ്പ് കഷണങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രഹരമാണ് കുട്ടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയത്. തലയിൽ പത്ത് തുന്നിക്കെട്ടലുകളുണ്ടെങ്കിലും ആരോഗ്യനില അപകടകരമല്ലാത്തതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.