മലപ്പുറം: റബർ മരങ്ങളിലെ ഇലപൊഴിച്ചിലും തേനിന്‍റെ ജലാംശത്തിന്‍റെ അളവ് 20 ശതമാനമാക്കി കുറച്ചുകൊണ്ടുള്ള കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഉത്തരവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. സീസൺ സമയമായ ഫെബ്രുവരിയിലും രാവിലെ മഞ്ഞുവീഴ്ച്ചയുള്ളതിനാൽ റബർ മരങ്ങളുടെ ഇല പൊഴിയുന്നത് പെട്ടി തേൻ കൃഷിയെ ബാധിച്ചിട്ടുണ്ട്. കൂടാതെ ജലാംശം കുറയുന്നത് തേനിന്‍റെ രുചിയും ഗുണനിലവാരവും നഷ്ടമാകുന്നതിന് ഇടയാക്കും. ഇതോടെ കേരളത്തിലെ തേൻ വിപണിയിൽ നിന്നും ഒഴിവാക്കപ്പെടുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പെട്ടി തേൻ കർഷകർ.
റബർ മരങ്ങളിലെ ഇലപൊഴിച്ചിലും കേന്ദ്ര സര്‍ക്കാര്‍ നയവും തിരിച്ചടിയാകുന്നു; തേന്‍ കര്‍ഷകര്‍ ആശങ്കയില്‍ - Degradation of Rubber Trees
സീസൺ സമയമായ ഫെബ്രുവരിയിലും രാവിലെ മഞ്ഞുവീഴ്‌ചയുള്ളതിനാല്‍ റബർ മരങ്ങളുടെ ഇല പൊഴിയുന്നത് പെട്ടി തേൻ കൃഷിയെ ബാധിച്ചിട്ടുണ്ട്
ജൂൺ മാസത്തിലാണ് പെട്ടി തേൻ കൃഷി ആരംഭിക്കുന്നത്. ഫെബ്രുവരി മുതൽ രണ്ടര മാസമാണ് പ്രധാന ഉത്പാദന സമയം. എന്നാൽ ഈ പ്രാവിശ്യം 10 ദിവസം മുൻപ് തേൻ വിളവെടുപ്പ് തുടങ്ങിയെന്നും ഉൽപാദനം കുറയാൻ സാധ്യതയുണ്ടെന്നും കഴിഞ്ഞ 22 വർഷമായി നിലമ്പൂരിൽ പെട്ടി തേൻ കൃഷി നടത്തി വരുന്ന തമിഴ്‌നാട് സ്വദേശി ചന്ദ്രൻ പറയുന്നു. ഒരു പെട്ടിയിൽ നിന്നും ഒരു സീസണിൽ 10 കിലോ വരെ തേൻ ലഭിക്കും. പെട്ടി തേൻ ചില്ലറയായി വിൽക്കുപ്പോൾ കിലോക്ക് 250 രൂപ വരെ ലഭിക്കുമെങ്കിലും മൊത്തമായി നൽകുമ്പോൾ കിലോക്ക് 130 രൂപ മാത്രമാണ് ലഭിക്കുക. തമിഴ്നാട്ടിലെ മാർത്താണ്ഡത്തും തൃശൂരുമാണ് പ്രധാനമായി തേൻ വിൽക്കുന്നത്. ചന്ദ്രനൊപ്പം 10 തൊഴിലാളികളുമുണ്ട്. വേറൊരു തൊഴിൽ അറിയാത്തതിനാൽ ഇതിൽ തുടരുകയാണ്. കേരളത്തിലെ കാലാവസ്ഥയിൽ ഉത്പാദിപ്പിക്കുന്ന തേനിന്‍റെ ജലാംശം 22 മുതൽ 25 ശതമാനം വരെയാണെന്നും ചന്ദ്രൻ പറയുന്നു. കേന്ദ്ര സർക്കാർ ഉത്തരവ് മൂലം 22 മുതൽ 25 ശതമാനം വരെ ജലാംശമുള്ള തേൻ വിൽക്കാൻ കഴിയാതെ വരുമെന്ന ആശങ്കയിലാണ് ചന്ദ്രൻ ഉൾപ്പടെയുള്ള കർഷകർ.