മലപ്പുറം : ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം കേരള അതിർത്തിയായ നാടുകാണി ചുരം വഴിയുള്ള പച്ചക്കറിയുടെ ഇറക്കുമതിയിൽ ഗണ‍്യമായ കുറവ്. ദിനംപ്രതി വലുതും ചെറുതുമായ അഞ്ഞൂറോളം പച്ചക്കറി വാഹനങ്ങളാണ് ട്രിപ്പിൾ ലോക് ഡൗണിന് മുമ്പ് ചുരം ഇറങ്ങി ജില്ലയിലെത്തിയിരുന്നത്. ഇത് പകുതിയോളം കുറഞ്ഞതായാണ് വഴിക്കടവ് ആനമറിയിലെ ചെക്ക്പോസ്റ്റ് അധികൃതർ പറയുന്നത്. വ‍്യാഴാഴ്ച 282ഉം, വെള്ളിയാഴ്ച 266 ഉം ചരക്ക് വാഹനങ്ങൾ മാത്രമാണ് ചുരം ഇറങ്ങിയത്. പച്ചക്കറി വാഹനങ്ങൾ കൂടാതെ അരി, മറ്റ് പലവ‍്യജ്ഞനങ്ങൾ ഉൾപ്പടെയുള്ളവയാണിത്.
ഗുണ്ടൽപേട്ട്, മൈസൂർ, ബെംഗളൂരു, ഒട്ടംഛത്രം, ചെഞ്ചേരിമല, മേട്ടുപ്പാളയം, ഊട്ടി, വേലത്താവളം തുടങ്ങിയ മാർക്കറ്റുകളിൽ നിന്നുള്ള പച്ചക്കറികളാണ് നാട്ടുകാണി ചുരം വഴി മലപ്പുറം ജില്ലയിലെത്തുന്നത്. ഇതിൽ കൂടുതലും ഗുണ്ടൽപേട്ട് മാർക്കറ്റിൽ നിന്നുള്ളതാണ്. ഇവിടങ്ങളിലെ മാർക്കറ്റുകളിൽ പച്ചക്കറികൾ സുലഭമായുണ്ടെങ്കിലും ജില്ലയിൽ ആവശ‍്യക്കാര്‍ കുറഞ്ഞതാണ് ഇറക്കുമതിയിൽ കുറവുവരുവാൻ കാരണമെന്ന് വ‍്യാപാരികൾ പറയുന്നു. ട്രിപ്പിൾ ലോക് ഡൗൺ വന്നതോടെ ഉൾനാടുകളിലെ ചെറിയ പച്ചക്കറി വിൽപ്പന കടകളിലേക്ക് നാമമാത്രമായാണ് കൊണ്ടുപോകുന്നതെന്ന് ടൗൺ കേന്ദ്രീകരിച്ചുള്ള മൊത്തവിതരണക്കാരും വ്യക്തമാക്കുന്നു.