മലപ്പുറം: കാവനൂർ എകെസി-വെള്ളേരി റോഡിൽ കളത്തിങ്ങൽ പുൽക്കോട്ടു കുണ്ട് ഭാഗത്തെ റോഡരികിൽ ചത്ത കോഴികളും പ്രാവുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയനിലയിൽ. കാവനൂർ, കുഴിമണ്ണ, അരീക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് കോഴി മാലിന്യങ്ങൾ അടക്കം റോഡരികിൽ തള്ളിയത്.
സ്ഥലത്ത് നിന്ന് ദുർഗന്ധവും തെരുവ് നായ്ക്കൾ മാലിന്യങ്ങൾ കടിച്ചു വലിച്ചു കൊണ്ടു പോകുന്നതും ശ്രദ്ധയിൽ പെട്ടപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ഇതിനു മുമ്പും ഇതുപോലെ മാലിന്യങ്ങൾ ഈ പ്രദേശത്ത് തള്ളിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ അരീക്കോട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, അരീക്കോട് പൊലീസും, കാവനൂർ കുഴിമണ്ണ പഞ്ചായത്ത് മെമ്പർമാരും സ്ഥലത്തെത്തി.