കൊവിഡ് 19; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്
09:27 March 07
ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം
മലപ്പുറം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. കുവൈറ്റിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക്. കുവൈറ്റില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സർവീസും നിർത്തിവച്ചു. ഇതോടെ ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് പോകേണ്ട യാത്രക്കാര്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പലരും വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിവരം അറിയുന്നത്. കരിപ്പൂരിൽ നിന്ന് 8.20ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതോടെ 170 യാത്രക്കാരെ എയർപോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചു. പലരുടെയും വിസാ കാലാവധി അവസാനിരിക്കെയാണ് വിലക്ക് വന്നത്. വിലക്ക് നീളുമോ എന്നും ആശങ്കയുണ്ട്.
ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം ഇന്നലെ പിൻവലിച്ചിരുന്നു. കൊവിഡ് 19 വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ യാത്ര അനുവദിക്കൂവെന്ന ഉത്തരവാണ് റദ്ദാക്കിയത്. ആരോഗ്യ പരിശോധനക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കുവൈറ്റ് സര്‍ക്കാരിന്‍റെ നടപടി. ഇതിന് പിന്നാലെയാണ് വിമാനങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള റിപ്പോട്ടുകള്‍ പുറത്തുവരുന്നത്.