മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 4,753 പേര്‍ നിരീക്ഷണത്തില്‍. 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. ഏഴ് പേര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലും 4,735 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ കലക്ര്‍ ജാഫര്‍ മാലിക് ജില്ലാതല മുഖ്യസമിതി അവലോകന യോഗത്തില്‍ വ്യക്തമാക്കി.
മലപ്പുറത്ത് 4,753 പേര്‍ നിരീക്ഷണത്തില്‍
കൊവിഡ് 19നുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും ജില്ലയില്‍ 18 കേസുകൾ രജിസ്റ്റര്‍ ചെയ്‌തു.
പരിശോധനക്കയച്ച 22 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 257 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 235 പേരുടെ ഫലം ലഭിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 250 പേരെയും ഇവരുമായി ഇടപഴകിയ 1,926 പേരെയും കണ്ടെത്തിയിട്ടുണ്ട്. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 149 പേരെ കണ്ടെത്തി. ഇവരുമായി പിന്നീട് ഇടപഴകിയ 914 പേരുമായും ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. രോഗബാധിതരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ 258 പേരുമായി ജില്ലാതല കണ്‍ട്രോള്‍ സെല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടു.
വൈറസ് ബാധ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും ജില്ലയില്‍ ഏഴ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തു. ഇതോടെ ജില്ലയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം 18 ആയി. സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ചുവരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാലും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.