മലപ്പുറം : പൊന്നാനി കടവനാട് മേഖലയില്‍ വ്യാജ ചികിത്സാ കേന്ദ്രത്തിൽ നടത്തിയ റെയ്‌ഡില്‍ രണ്ടുപേർ പൊലീസ് പിടിയില്‍. തവനൂർ അയിങ്കലം കല്ലൂർ സ്വദേശി നടുവിൽ കരുമാൻ കുഴിയിൽ വീട്ടിൽ സിദ്ദിഖ് (40), കടവനാട് സ്വദേശി വീട്ടിലകത്ത് ഹൗസിൽ അബ്ദുറഹ്മാൻ (36) എന്നിവരെയാണ് പൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജിന്‍റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ രണ്ട് വർഷമായി പൊന്നാനി കടവനാട് കോളക്കോടൻ റോഡ് ഭാഗത്ത് വീടിനോട് ചേർന്ന് മജ് ലിസു ശിഫ എന്ന പേരിൽ അനധികൃത വ്യാജ ചികിത്സയും, പണപ്പിരിവും നടത്തിവരികയായിരുന്നു ഇവര്‍.
വ്യാജ ചികിത്സ ; പൊന്നാനിയില്‍ രണ്ടുപേര്‍ പിടിയില്‍
തവനൂർ അയിങ്കലം കല്ലൂർ സ്വദേശി നടുവിൽ കരുമാൻ കുഴിയിൽ വീട്ടിൽ സിദ്ദിഖ് (40), കടവനാട് സ്വദേശി വീട്ടിലകത്ത് ഹൗസിൽ അബ്ദുറഹ്മാൻ (36) എന്നിവരാണ് പിടിയിലായത്.
കടവനാട് കേന്ദ്രീകരിച്ച് നാളുകളായി വ്യാജ ചികിത്സയാണ് ഇവരുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് പ്രദേശവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സ്‌ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇവരുടെ ചികിത്സയെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് പൊന്നാനി എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയിൽ രേഖകളില്ലാത്ത രണ്ട് ലക്ഷത്തിനാല്‍പ്പതിനായിരം രൂപ കണ്ടെത്തി.
അന്വേഷണത്തിൽ ചികിത്സാ കേന്ദ്രം നടത്താനാവശ്യമായ രജിസ്ട്രേഷനില്ലെന്നും ലൈസൻസില്ലാതെ മാനസിക, വന്ധ്യത ചികിത്സ നടത്തുന്നുണ്ടെന്നും, ഇതിനായി വൈദ്യ ശാലകളിൽ നിന്നും ലഭിക്കുന്ന അരിഷ്‌ടവും മറ്റു നാട്ടുമരുന്നുകളുമാണ് നൽകുന്നതെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്‌ത പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.