മലപ്പുറം :മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ അബ്‌ദുൽ ജലീൽ എന്ന കുഞ്ഞാക്കയുടെ കൊലപാതകത്തിൽ വ്യാഴാഴ്‌ച (മാര്‍ച്ച് 31) മഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതൽ ഖബറടക്കം ചെയ്യുന്ന ഉച്ചക്ക് ഒരു മണിവരെയാണ് ഹര്‍ത്താലെന്ന് പ്രാദേശിക യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. 29-ാം തിയതി രാത്രി 11 മണിയോടെ മഞ്ചേരി കുട്ടിപ്പാറയില്‍വച്ചാണ് ആക്രമണമുണ്ടായത്.
ALSO READ |വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു ; കൊല്ലപ്പെട്ടത് അബ്ദുല്‍ ജലീല്‍
സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. തലയ്ക്ക് മാരകമായ പരിക്കേറ്റ അബ്‌ദുൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
തുടർചികിത്സ നൽകിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പൊലീസ് പോസ്‌റ്റ്‌മോർട്ടത്തിനായി വ്യാഴാഴ്‌ച രാവിലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കും. ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് സെൻട്രൽ ജുമാമസ്‌ജിദിൽ ജനാസ നമസ്‌കാരം നടത്തും. യു.ഡി.എഫ് ആഹ്വാനം ചെയ്‌ത ഹർത്താലുമായി പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.