മലപ്പുറം: തിരുവാലി സ്വദേശി മൂസക്കുട്ടിയുടെ ആത്മഹത്യക്ക് കാരണം സഹോദരിയുടെ ഭർത്താവും കുടുംബവും സഹോദരിയേയും പിതാവിനേയും പീഡിപ്പിച്ചതിനാലെന്ന് മകൻ്റെ പരാതി.
തിരുവാലി പന്തലിങ്ങൽ ചങ്ങാരായി ഹൗസിൽ മൂസക്കുട്ടി കഴിഞ്ഞ മാസം 23നാണ് ആത്മഹത്യ ചെയ്‌തത്. മൂസക്കുട്ടിയുടെ മകളുടെ ഭർത്താവും വീട്ടുകാരുമാണ് ആത്മഹത്യയെന്ന് കാരണമെന്ന് കാട്ടി മകൻ ആസിഫുൽ റിൻഷാദ് വണ്ടൂർ പൊലീസിൽ പരാതി നൽകി. ആത്മഹത്യ ചെയ്യുന്നതിന് മുൻപായി മൂസക്കുട്ടി മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് മൂസക്കുട്ടിയുടെ മകൾ ഹിബയുടെ വിവാഹം എടവണ്ണ ഒതായി സ്വദേശിയുമായി നടന്നത്. വിവാഹ സമയത്ത് ഹിബക്ക് 18 പവൻ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. വിവാഹ സൽക്കാര സമയത്ത് ഹിബക്ക് നൽകിയ സ്വർണാഭരണങ്ങൾ കുറഞ്ഞുപോയി എന്നു പറഞ്ഞ് ഭർത്താവിൻ്റെ പിതാവും ബന്ധുക്കളും വീട്ടിലെത്തി പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മൂസക്കുട്ടി 6 പവനോളം വീണ്ടും നൽകിയതായി റിൽഷാദിൻ്റെ പരാതിയിൽ പറയുന്നു.